കുട്ടികളിലെ ആരോഗ്യകരമായ ഭക്ഷണരീതി; വേണം ചില മുൻകരുതലുകൾ
ഭക്ഷണം കഴിക്കാൻ മടികാണിക്കുന്ന കുട്ടികൾക്ക് അവർക്ക് ഇഷ്ടമുള്ള ഭക്ഷണം വാങ്ങിനൽകുന്നവരാണ് നമ്മിൽ മിക്കവരും. എന്നാൽ ഇത് അവരുടെ ആരോഗ്യത്തെ ദോഷമായി മാത്രമേ ബാധിക്കുകയുള്ളു. വാശിപിടിക്കുന്നതല്ല മറിച്ച് ആവശ്യമുള്ളത് വേണം കുട്ടികൾക്ക് നൽകാൻ. പക്ഷെ ഭക്ഷണം കഴിക്കാൻ കുട്ടികൾ മടി കാണിക്കുമ്പോൾ അവരെ ചീത്ത പറഞ്ഞും ബലപ്രയോഗത്തിലൂടെയും ഭക്ഷണം കഴിപ്പിക്കുന്നതിന് പകരം അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഭക്ഷണം തയാറാക്കി നൽകാം. കുട്ടികൾക്ക് ഭക്ഷണം തയാറാക്കുമ്പോൾ അവ പോഷക സമൃദ്ധമാണെന്ന് ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്.
കുട്ടികൾക്ക് പുറത്തുനിന്നും ഭക്ഷണം വാങ്ങിനൽകുന്നത് പരമാവധി കുറയ്ക്കുക. മറിച്ച് രസകരമായ രീതിയിൽ കുട്ടികളെയും കൂടി ഉൾപ്പെടുത്തി വേണം അവർക്കുള്ള ഭക്ഷണം പാകം ചെയ്യാൻ. ചപ്പാത്തിയും ദോശയും പോലെയുള്ള ഭക്ഷണങ്ങളോ സ്നാക്സോ പാകം ചെയ്യുമ്പോൾ കുട്ടികളിൽ കൗതുകം ഉണ്ടാകുന്ന രീതിയിൽ അവർക്ക് സ്പെഷ്യൽ ഷേപ്പിലോ മറ്റോ ഭക്ഷണം പാകം ചെയ്തു നൽകാവുന്നതാണ്. ഇത് ഒരു പരിധിവരെ ഭക്ഷണം കഴിക്കാൻ കുട്ടികളെ സഹായിക്കും. ഇനി ചോറ് കഴിക്കാൻ കുട്ടികൾ മടി കാണിച്ചാൽ ചോറിന് പകരം ഇഡലിയോ ദോശയോ പോലെ അരിഭക്ഷണങ്ങൾ നൽകാൻ ശ്രദ്ധിക്കുക.
Read also: മണൽത്തരികൾക്കിടയിൽ കുമിഞ്ഞുകൂടിയ നാണയങ്ങൾ; അത്ഭുതപ്രതിഭാസത്തിന് പിന്നിൽ…
പക്ഷെ കുട്ടികൾക്കുള്ള ഭക്ഷണം നൽകുമ്പോൾ പല മാതാപിതാക്കന്മാർക്കും ഇപ്പോഴും അറിയാത്ത ഒരു കാര്യമാണ് അവരുടെ ഭക്ഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണം എന്നത്. കുട്ടികൾക്ക് പോഷകഗുണമുള്ള ഭക്ഷണങ്ങൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്ക് രാവിലത്തെ ഭക്ഷണം നൽകുമ്പോഴാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. നല്ല പഠനനിലവാരം പുലർത്താൻ പ്രഭാതഭക്ഷണം അത്യാവശ്യമാണെന്ന് പല പഠനത്തിലും പറയുന്നുണ്ട്. കുട്ടികളുടെ ഏകാഗ്രത വർധിപ്പിക്കാൻ പ്രഭാത ഭക്ഷണത്തിന് കഴിയും. അതുകൊണ്ടുതന്നെ രാവിലത്തെ ഭക്ഷണത്തിൽ പാൽ, മുട്ട, ധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. അതുപോലെ പകൽ സമയങ്ങളിലും കുട്ടികൾക്ക് ഭക്ഷണം നൽകേണ്ടത് അത്യാവശ്യമാണ്. പകൽ സമയങ്ങളിൽ ചെറിയ ഭക്ഷണമാണ് നല്ലത്. പഴ വർഗങ്ങൾ, പുഴുങ്ങിയ പയർ വർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ, ബദാം, അവൽ നനച്ചത് എന്നിവ ഉൾപ്പെടുത്താവുന്നതാണ്. രാത്രിയിലെ ഭക്ഷണം പരമാവധി നേരത്തെ നൽകുന്നതാണ് ഏറ്റവും ഉത്തമം. ഇത് ദഹനം സുഗമമാക്കാൻ സഹായിക്കും.
Story highlights; Help your children learn healthy eating habit