ഇത് പ്രളയത്തിൽ ഒലിച്ചുപോയ വീടല്ല; നദിയിലൂടെ വലിച്ചുനീക്കിയ വീട്, ശ്രദ്ധനേടി വിഡിയോ

November 2, 2021

പ്രളയത്തിൽ ഒലിച്ചുപോയ നിരവധി വീടുകൾ കണ്ടവരാണ് മലയാളികൾ…ഇപ്പോഴിതാ വെള്ളത്തിലൂടെ ഒലിച്ചുനീങ്ങുന്ന ഒരു വീടാണ് സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കപ്പെടുന്നത്. എന്നാൽ ഇത് പ്രളയത്തിൽ ഒലിച്ചുപോയ വീടല്ല. മറിച്ച് നദിയിലൂടെ അതിസാഹസപ്പെട്ട് വലിച്ചുനീക്കുന്ന ഒരു വീടിന്റെ ദൃശ്യങ്ങളാണ്.

കേട്ടാൽ അത്ഭുതം തോന്നുമെങ്കിലും സംഗതി സത്യമാണ്. കാനഡ സ്വദേശികളായ പൊന്നി, കിർക്ക് ലോവല്ലു എന്നിവർ ചേർന്നാണ് തങ്ങളുടെ സ്വപ്നഭവനത്തെ മാറ്റിസ്ഥാപിച്ചത്. വർഷങ്ങളായി ഇരുവരും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച ഒരു വീടായിരുന്നു ഇത്. എന്നാൽ സ്ഥലമുടമ വീട് പൊളിച്ചുനീക്കാൻ തീരുമാനിച്ചതോടെ ഇരുവരും അതീവ ദുഖത്തിലായി. എന്ത് വിലകൊടുത്തും വീട് സ്വന്തമാക്കാൻ തീരുമാനിച്ച ഇവർ ഉടൻതന്നെ സ്ഥലമുടമയോട് ഈ വീട് വാങ്ങി. അതിന് ശേഷം ജലമാർഗം അതിസാഹസമായി തങ്ങളുടെ സ്ഥലത്തേക്ക് ഈ വീട് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

Read also: അവൻ ഇന്നും ഒറ്റയ്ക്കാണ്…; ഹൃദയംതൊട്ട് ഏകാന്ത ജീവിതം നയിക്കുന്ന ഒരു തിമിംഗലത്തിന്റെ കഥ

സംഗതി വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. വീട് മാറ്റി സ്ഥാപിക്കുന്നതിന്റെ ആദ്യ സ്റ്റെപ്പായി വീടിന്റെ അടിഭാഗത്ത് ബാരലുകൾ സ്ഥാപിച്ചു. പിന്നീട് അതിനെ ടയറുകൾ നിറച്ച മെറ്റൽ ഫ്രെയിമുമായി കോർത്തുവെച്ചു. ഇത് വീട് വെള്ളത്തിൽ മുങ്ങിപോകാതെ സഹായകമായി. തുടർന്ന് വീട് വെള്ളത്തിൽ ഇറക്കി ബോട്ടുകൾ ഉപയോഗിച്ച് ഇതിനെ കരയിലേക്ക് നീക്കിക്കൊണ്ടുപോകുകയായിരുന്നു. എന്നാൽ വലിച്ചുനീക്കുന്നതിനിടെയിൽ ബാരലിൽ നിന്നും അല്പം തെന്നിമാറിയ വീട് ഒരു ഘട്ടത്തിൽ വെള്ളത്തിലേക്ക് വീണു പോകാൻ തുടങ്ങി. വീടിന്റെ ചില ഭാഗങ്ങളിൽ വെള്ളവും കയറി. എന്നാൽ പിന്നീട് മറ്റൊരു ബോട്ടിന്റെ കൂടെ സഹായത്തോടെ വീട് കരയിലേക്ക് സുരക്ഷിതമായി എത്തിച്ചു. ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിലേക്കാണ് വീട് നീക്കിയത്. എട്ട് മണിക്കൂറോളം സമയമെടുത്ത് വളരെ സാഹസീകമായാണ് വീട് വലിച്ചുനീക്കിയത്.

എന്തായാലും തങ്ങളുടെ ഇഷ്ട വീട് സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് പൊന്നിയും കിർക്ക് ലോവല്ലും.

Story highlights: Home Takes To The Water To Reach New Land