അന്ന് നാലുപേർക്ക് കാഴ്ച നൽകി പുനീത് രാജ്കുമാർ, പുനീത് മാതൃകയിൽ ഇന്ന് 14,000 കണ്ണുകൾ
കന്നഡ ചലച്ചിത്രതാരം പുനീത് രാജ്കുമാറിന്റെ മരണം ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. സാമൂഹ്യപ്രവർത്തനങ്ങളിൽ സജീമായിരുന്ന താരത്തിന്റെ മരണശേഷം പുനീതിന്റെ കണ്ണുകൾ കാഴ്ച പകർന്നത് നാലുപേർക്കാണ്. താരത്തിന്റെ മരണത്തിന് ശേഷം ദിവസങ്ങൾ പിന്നിടുമ്പോൾ പുനീത് മാതൃകയിൽ കണ്ണ് ദാനം ചെയ്യാൻ എത്തുന്നവരുടെ എണ്ണം നിരവധിയാണ്.
താരത്തിന്റെ മരണം സംഭവിച്ച് അടുത്ത ദിവസങ്ങളിൽ 112 പേരുടെ കണ്ണുകൾ ദാനം ചെയ്യാൻ എത്തിയതും വലിയ രീതിയിൽ മാധ്യമശ്രദ്ധ നേടിയിരുന്നു. ആ ദിവസങ്ങളിൽ മരണം നടന്ന ആളുകളുടെ ബന്ധുക്കളാണ് കണ്ണുകൾ ദാനം ചെയ്യാൻ എത്തിയത്. ദിവസങ്ങൾക്കുളിൽ 7000-ത്തോളം ആളുകൾ അവരുടെ കണ്ണുകൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകിക്കഴിഞ്ഞു. അതേസമയം പുനീതിന്റെ മരണശേഷം നേത്രദാനത്തിന് സമ്മതപത്രം നൽകുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
Read also: വെള്ളച്ചാട്ടത്തിന് നടുവിലായി കത്തിനിൽക്കുന്ന തീനാളം; നിഗൂഢമായ വിശ്വാസങ്ങളുമായി ഒരിടം
മാതാപിതാക്കൾ കണ്ണുകൾ ദാനം ചെയ്തതുപോലെ മരണശേഷം തന്റെ കണ്ണുകളും ദാനം ചെയ്യുമെന്ന് പുനീത് നേരത്തെ പറഞ്ഞിരുന്നു. മരിച്ചതായി പ്രഖ്യാപിച്ചയുടൻ പുനീത് രാജ്കുമാറിന്റെ സഹോദരൻ രാഘവേന്ദ്ര, നാരായണ നേത്രാലയയുടെ കീഴിലുള്ള ഡോ. രാജ്കുമാറിനെ ബന്ധപ്പെടുകയായിരുന്നു. പുനീതിന്റെ കോർണിയ ശേഖരിച്ച് നാരായണ നേത്രാലയയിലെ ഡോക്ടർമാർ നാല് അന്ധർക്കാണ് കാഴ്ച നൽകിയത്. കർണാടകയിൽ നിന്നുള്ള ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് ഇങ്ങനെ കാഴ്ച ലഭിച്ചവർ.
Story highlights; Indian actor Puneeth Rajkumar’s death spurs eye donation pledges