ലിജോമോൾ സെങ്കണിയായി പരകായപ്രവേശം ചെയ്യുകയായിരുന്നു, ഈ പ്രകടനത്തിന് ഏത് അവാർഡ് നൽകിയാലാണ് മതിയാകുക- പ്രശംസിച്ച് കെ കെ ശൈലജ

സിനിമ ആസ്വാദകരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ജയ് ഭീം. ചിത്രത്തിലെ സൂര്യയുടെയും ലിജോമോളുടെയും അഭിനയത്തിന് നിറഞ്ഞ കൈയടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രം 1993 ൽ നടന്ന ഒരു യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കി ഒരുക്കിയതാണ്.
അഭിഭാഷകനായ ചന്ദ്രു ഇരുളർ വിഭാഗത്തിൽപെട്ട ഒരു സ്ത്രീയ്ക്ക് നീതി നടപ്പിലാക്കുന്നതിന് വേണ്ടി നടത്തുന്ന പോരാട്ടങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പൊലീസ് മർദ്ദനത്തെത്തുടർന്ന് ലോക്കപ്പിൽ മരിച്ച ഭർത്താവിന് നീതി ഉറപ്പാക്കുന്നതിന് വേണ്ടി ഇറങ്ങിത്തിരിക്കുന്ന യുവതിയുടെ വേഷത്തിൽ മലയാളി താരം ലിജോമോളാണ് അഭിനയിച്ചിരിക്കുന്നത്. താരത്തിന്റെ അഭിനയത്തിനും നിറഞ്ഞ കൈയടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ജയ് ഭീമിലെ ലിജോമോളുടെ അഭിനയത്തെ അഭിനന്ദിച്ചുകൊണ്ടും ചിത്രത്തിന്റെ ടീമിനെ പ്രശംസിച്ചുകൊണ്ടും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്..
കെ കെ ശൈലജയുടെ വാക്കുകൾ…
ജയ് ഭീം മനുഷ്യജീവിതത്തിലെ ചോരകിനിയുന്ന ഒരു ഏടാണ്. ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന ഫ്യൂഡൽ ജാതിവിവേചനത്തിൻറെയും ഭരണകൂട ഭീകരതയുടെയും നേർകാഴ്ചയാണത്. ലോകത്തിന്റെ പലഭാഗങ്ങളിലും മനുഷ്യത്വരഹിതമായ മേൽകോയ്മയുടെ ദുരനുഭവങൾ നാം കാണുന്നുണ്ട്. സമഭാവനയുടെ കണികപോലും മനസ്സിൽ ഉണരാതിരിക്കുമ്പോൾ അതിക്രൂരമായ തലങ്ങളിലേക്ക് മനുഷ്യമനസ്സിന് വിഹരിക്കാൻ കഴിയും എന്നതിന്റെ ഉദാഹരണമാണ് കടുത്ത പോലീസ് മർദ്ദനമുറകൾ ചൂണ്ടികാട്ടുന്നത്.
അടിയന്തിരാവസ്ഥ കാലത്ത് രാജ്യത്തിന്റെ ജയിലുകളും പോലീസ് സ്റ്റേഷനുകളും വേദിയായത് ജയ്ഭീമിൽ കണ്ട ഭീകര മർദ്ദനമുറകൾക്കാണ്. സ്വാതന്ത്ര്യത്തിന്റെ ദീർഘമേറിയ വർഷങ്ങൾ പിന്നിട്ടിട്ടും അംമ്പേദ്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സമത്വത്തിലൂന്നിയ ഭരണഘടനയുണ്ടായിട്ടും അധ:സ്ഥിതർക്ക് വെളിച്ചത്തിലേക്ക് വരാൻ കഴിയാത്തത് ഇന്ത്യയുടെ ഭരണനയത്തിലുള്ള വൈകല്യം മൂലമാണ്.
ജസ്റ്റിസ് ചന്ദ്രു എന്ന കമ്മൂണിസ്റ്റ്, പാവങ്ങൾക്ക് വേണ്ടി നടത്തിയ നിയമ പോരാട്ടത്തിൻറെ യഥാർത്ഥ അനുഭവങ്ങളാണ് ജ്ഞാനവേൽ സിനിമയ്ക്ക് ആധാരമാക്കിയതും സൂര്യയുടെ അതുല്യമായ പ്രകടനത്തിൽ ജീവിതത്തിന്റെ നേർ കാഴ്ചയായതും. ലിജോമോൾ ജോസഫ് സെങ്കണിയായി പരകായപ്രവേശനം ചെയ്യുകയായിരുന്നു. ഇത്ര മാത്രം കഥാപാത്രത്തോട് താദാത്മ്യം പ്രാപിച്ചതിന് ഏത് അവാർഡ് നൽകിയാലാണ് മതിയാവുക.
ശക്തമായ സ്ത്രീ കഥാപാത്രത്തിൻറെ സാന്നിദ്ധ്യം സിനിമയുടെ ഔന്നത്യം വർദ്ധിപ്പിക്കുന്നു. രാജാക്കണ്ണിനെ അവതരിപ്പിച്ച മണികണ്ഠൻ മനസ്സിൽ നിന്ന് അത്രവേഗത്തിൽ മഞ്ഞു പോകില്ല. പ്രകാശ് രാജും പോലീസ്കാരുടെ നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും എല്ലാം ഒന്നിനൊന്നു മെച്ചം. മാർക്സാണ് എന്നെ അംബേദ്കറിൽ എത്തിച്ചതെന്നു പറഞ്ഞ യഥാർഥ ചന്ദ്രു (ജസ്റ്റിസ് ചന്ദ്രു) നാടിന്റെ അഭിമാനമായി മാറുന്നു. മനുഷ്യ മന:സ്സാക്ഷിയെ പിടിച്ചുകുലുക്കുന്ന ഈ സിനിമ നിർമ്മിച്ച സൂര്യക്കും ജ്യോതികയ്ക്കും നന്ദി.