ഹിറ്റായി ആഴക്കടലിലെ അക്വേറിയം
സൈബർ ഇടങ്ങൾ ജനകീയമായതോടെ ലോകത്തിലെ വിവിധ ഇടങ്ങളിൽ നടക്കുന്ന വാർത്തകൾ കൂടി നിമിഷ നേരത്തിനുള്ളിൽ നമുക്കരികിലേക്ക് എത്താറുണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് ലോകത്തിലെ ഏറ്റവും നീളമുള്ള പാമ്പും ഭീമൻ സ്രാവുകളുമൊക്കെയുള്ള ഒരു അക്വേറിയം. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അക്വേറിയം കഴിഞ്ഞ ദിവസമാണ് അബുദാബിയിൽ പ്രവർത്തനം ആരംഭിച്ചത്. 7000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ അക്വേറിയം ഒരുങ്ങിയിരിക്കുന്നത്.
വ്യത്യസ്ത ഇനത്തിൽപ്പെട്ട മത്സ്യങ്ങളും സ്രാവുകളുമടക്കം 46,000 ലധികം ജീവികളാണ് ഈ അക്വേറിയത്തിൽ ഉള്ളത്. ഇരുപതിനായിരത്തിലധികം വരുന്ന കടലകലാമകളും ഇവിടെ ഉണ്ട്. കടലിനടിയിലെ ആവാസവ്യവസ്ഥ അതേപടി പുനഃസ്ഥാപിച്ചുകൊണ്ടാണ് ഈ അക്വേറിയം ഒരുക്കിയിരിക്കുന്നത്. ഇവിടെത്തുന്നവർക്ക് മനോഹരമായ കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം വെള്ളത്തിൽ ഇറങ്ങി കടൽജീവികൾക്ക് ഭക്ഷണം കൊടുക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
അതിന് പുറമെ ഇവിടെത്തുന്ന സഞ്ചാരികൾക്കായി കണ്ണാടിപാലത്തിലൂടെ നടക്കാനും അക്വേറിയം ടൂർ, ഗ്ലാസ് ബോട്ട് ടൂർ തുടങ്ങിയ സംവിധാനങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം അപൂർവ ജീവജാലങ്ങളെയും അവയുടെ ആവാസ വ്യവസ്ഥയെയും അറിയാനും പഠിക്കാനുമുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
Story highlights:largest aquarium open in abu Dhabi