ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മമ്മൂട്ടി; ‘നൻപകൽ നേരത്ത് മയക്കം’ ഒരുങ്ങുന്നു
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. നൻപകൽ നേരത്ത് മയക്കം എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം വേളാങ്കണ്ണിയിൽ ആരംഭിച്ചു. ലിജോയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയുടെ പുതിയ നിർമാണക്കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസിൻ്റെ ആമേൻ മുവി മൊണാസ്ട്രിയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
അതേസമയം ചുരുളിയാണ് ലിജോയുടെതായി അവസാനം റിലീസ് ചെയ്ത ചിത്രം. 19 ദിവസങ്ങൾ മാത്രമെടുത്ത് കാടിനുള്ളിൽ ചിത്രീകരിച്ച സിനിമയാണ് ചുരുളി. പെരുമാടനെ പിടിച്ചുകെട്ടാൻ വന്ന തിരുമേനിയുടെ കഥയാണ് ചുരുളി പറയുന്നത്. ചിത്രത്തിൽ ചെമ്പൻ വിനോദ്, ജോജു ജോർജ്, വിനയ് ഫോർട്ട്, ഗീതിക തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് ഹരീഷിന്റെ തിരക്കഥയിൽ മൂവി മൊണാസ്ട്രിയും, ചെമ്പോസ്‌കിയും ഒപസ് പെന്റായുമാണ് ‘ചുരുളി’ നിർമ്മിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയത് വൺ ആണ്. സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്ത ചിത്രമാണ് വൺ. അതേസമയം 33 വർഷം നീണ്ട രാഷ്ട്രീയ ജീവിതം ജനങ്ങൾക്ക് വേണ്ടി മാറ്റിവെച്ച കടക്കൽ ചന്ദ്രൻ എന്ന രാഷ്ട്രീയ നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സ്വന്തം ആദർശങ്ങളോടും ആശയങ്ങളോടും നൂറ് ശതമാനം നീതിപുലർത്തുന്ന ഒരു രാഷ്ട്രീയ നേതാവാണ് കടയ്ക്കൽ ചന്ദ്രൻ.
Story highlights; Lijo Jose joins with Mammootty