ആശങ്കകൾക്ക് വിരാമമിട്ട് മരക്കാർ തിയേറ്ററുകളിലേക്ക് എത്തുമ്പോൾ…
സിനിമ ആരാധകർ ഒന്നടങ്കം ഉറ്റുനോക്കിയതാണ് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിനായി. ചിത്രം ഒടിടി റിലീസ് ആയിരിക്കുമോ തിയേറ്റർ റിലീസ് ആയിരിക്കുമോ എന്ന കാര്യത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഏറെ ആശങ്കൾക്കും കാത്തിരിപ്പിനും അവസാനം ചിത്രം തിയേറ്റർ റിലീസായിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഡിസംബർ 2 മുതലായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. അതേസമയം ചിത്രം ഒടിടി റിലീസ് ചെയ്യാൻ ഒരുങ്ങുന്നുവെന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനത്തിന് ശേഷം സർക്കാർ മുൻകൈയെടുത്ത് ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ചിത്രം തിയേറ്റർ റിലീസ് പ്രഖ്യാപിച്ചത്.
ആരാധകർ എന്നും ആവേശത്തോടെ നോക്കികാണുന്നതാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ട്. മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളും മോഹൻലാൽ എന്ന അതുല്യ പ്രതിഭയും ഒന്നിക്കുന്നതോടെ വെള്ളിത്തിരയിൽ വിരിയുന്ന വിസ്മയം കാണാൻ ഒരുങ്ങുകയാണ് ആരാധകർ.
Read also; തളർന്നുവീണ യുവാവിനെ തോളിലേറ്റി പൊലീസുകാരി; അഭിനന്ദിച്ച് സോഷ്യൽ മീഡിയ
സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ ആയെത്തുന്നത്. അര്‍ജുന്‍ സാര്‍ജ, മഞ്ജു വാര്യര്‍, സിദ്ദിഖ്, സുനില്‍ ഷെട്ടി, പ്രഭു, ബാബുരാജ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചരിത്രത്തോടൊപ്പം ഭാവനയും ഇടം നേടിയിട്ടുണ്ട് ‘മരക്കാര്‍’ എന്ന ചിത്രത്തില്‍. ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രത്തിന്റെ കൂടുതൽ ഭാഗങ്ങളും ചീത്രീകരിച്ചിരിക്കുന്നത്.100 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്.
Story highlights : marakkar theatre release