പ്രമേഹ ഗവേഷണത്തിന് ഡോക്ടർ ജ്യോതിദേവിന് ദേശീയ പുരസ്കാരം
പ്രമേഹ ചികിത്സാഗവേഷകരുടെ ദേശീയ സംഘടനയായ റിസർച്ച് സൊസൈറ്റി ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇൻ ഇന്ത്യ (RSSDI)യുടെ ഡോ. ബി എൻ ശ്രീവാസ്തവ പുരസ്കാരത്തിന് അർഹനായി പ്രസിദ്ധ പ്രമേഹരോഗ വിദഗ്ദ്ധൻ ഡോ. ജ്യോതിദേവ് കേശവദേവ്.
ഇരുപതുവർഷത്തിലേറെയായി പ്രമേഹരോഗ ചികിത്സയിൽ ടെലിമെഡിസിൻ സാങ്കേതികവിദ്യ ഉപയോഗിച്ചതിനും പഠനങ്ങൾ നടത്തി പ്രമേഹ സങ്കീർണ്ണതകളിൽ നിന്ന് ഹൃദയം, വൃക്ക, കണ്ണുകൾ, നാഡീവ്യൂഹം, കരൾ എന്നിവയൊക്കെ സംരക്ഷിക്കാൻ കഴിയും എന്ന ഡോ. ജ്യോതിദേവിന്റെ കണ്ടെത്തലിനുമാണ് പുരസ്കാരം.
ടെലിമെഡിസിൻ സാങ്കേതികവിദ്യയിലൂടെ പ്രമേഹരോഗ ചികിത്സയിൽ രോഗികളെ സജീവ പങ്കാളികളാക്കുന്നതിലൂടെ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രമേഹരോഗ ചികിത്സയിൽപോലും അനുബന്ധ രോഗങ്ങൾ തടയാൻ കഴിയുമെന്നാണ് ഡോ. ജ്യോതിദേവ് കണ്ടെത്തിയത്.
80 ശതമാനത്തിലേറെ കൊവിഡ് മരണങ്ങളും പ്രമേഹരോഗികളിലാണ് സംഭവിച്ചത് എന്ന പശ്ചാത്തലത്തിൽ ഈ ഗവേഷണങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് റിസർച്ച് സൊസൈറ്റി ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇൻ ഇന്ത്യ വിലയിരുത്തിയത്.
1997 മുതൽ കേരളത്തിലെ ആദ്യത്തെ ISO സർട്ടിഫൈഡ് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ അംഗീകൃത സമഗ്ര പ്രമേഹ പരിചരണ കേന്ദ്രമാണ് ഡോക്ടർ ജ്യോതിദേവ് നേതൃത്വം വഹിക്കുന്ന ഡയബറ്റിസ് റിസർച്ച് സെന്റർ. 25-ലധികം രാജ്യങ്ങളിൽ നിന്നുള്ള രോഗികളാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി ഡയബറ്റിസ് റിസർച്ച് സെന്ററിൽ എത്താറുള്ളത്.
Story highlights- national laurel for doctor jothydev