മരക്കാരിലെ തന്റെ കഥാപാത്രം: നെടുമുടി വേണുവിന്റെ വാക്കുകൾ…
സിനിമ മേഖലയിൽ നിന്നുമുൾപ്പെടെ നിരവധി നഷ്ടകണക്കുകൾ പറഞ്ഞ വർഷമായിരുന്നു 2021. മലയാള സിനിമയിൽ നിന്നും അവസാനം നമുക്ക് നഷ്ടമായതാണ് അതുല്യകാലാകാരൻ നെടുമുടി വേണുവിനെയാണ്, ജീവിതത്തിന്റെ അവസാനകാലം വരെ സിനിമയോട് ചേർന്ന് നിന്ന അദ്ദേഹം അവസാന കാലങ്ങളിൽ അഭിനയിച്ച ചിത്രങ്ങളിൽ ഒന്നാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. ചിത്രം റിലീസിനൊരുങ്ങുമ്പോൾ ആരാധകരെ കണ്ണീരിലാഴ്ത്തുകയാണ് ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് പറയുന്ന നെടുമുടി വേണുവിന്റെ വാക്കുകൾ.
പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ കോഴിക്കോട് സാമൂതിരിയുടെ വേഷത്തിലാണ് നെടുമുടി വേണു എത്തുന്നത്. ചരിത്രത്തിന്റെ ഭാഗമായി മാറിയേക്കാവുന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ തനിക്കുള്ള സന്തോഷമാണ് നെടുമുടി വേണു പങ്കുവയ്ക്കുന്നത്. ഹിസ് ഹൈനസ് അബ്ദുള്ള, ദയ എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരു രാജാവിന്റെ റോളിൽ എത്തുന്ന ചിത്രം കൂടിയാണിത്. വിദേശശക്തികൾക്കും സ്വന്തം കുടുംബത്തിലെ പ്രശ്നങ്ങൾക്കിടയിലും വീർപ്പുമുട്ടുന്ന ഒരു പാവം രാജാവായാണ് ഈ കഥാപാത്രമെന്നും നെടുമുടി വേണു പറയുന്നു.
അതേസമയം നെടുമുടി വേണുവിന്റെ വിഡിയോ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്-‘സ്നേഹം!. വാക്കുകളിലും പ്രവർത്തിയിലും സ്നേഹം എപ്പോഴും വാരിനിറച്ചിരുന്ന വേണുച്ചേട്ടൻ, മരയ്ക്കാർ എന്ന നമ്മുടെ സ്വപ്നസിനിമയെക്കുറിച്ച് പറഞ്ഞതും അതുതന്നെയാണ്. എല്ലാ സ്നേഹത്തേക്കാളും മുകളിൽ നിൽക്കുന്നതും എല്ലാ സ്നേഹത്തേക്കാളും വാഴ്ത്തപ്പെടേണ്ടതും, ദേശസ്നേഹമാണെന്ന് സത്യം. ഒരു വലിയ കൂട്ടായ്മയുടെ കഠിനപ്രയത്നത്തിന്റെയും അർപ്പണബോധത്തിന്റെയും ഫലമായി ഉടലെടുത്ത ഈ സിനിമയിലെ നിറസാന്നിധ്യം ആയിരുന്നു വേണുച്ചേട്ടൻ എന്ന ആ വലിയ കലാകാരൻ. മരയ്ക്കാർ സിനിമയെക്കുറിച്ച്, അന്നും ഇന്നും എന്നും ഞങ്ങളുടെ എല്ലാമെല്ലാമായ വേണുച്ചേട്ടന്റെ വാക്കുകൾ.’ എന്നാണ്.
Story highlights: Nedumudi Venu About his role in Marakkar Arabikadalinte Simham