വശങ്ങൾ 32, കൗതുകമായി ബോൾ വീട്
വീട് പണിയുമ്പോൾ അതിൽ വ്യത്യസ്ഥത തേടിപ്പോകുന്ന നിരവധിയാളുകളെ നാം കാണാറുണ്ട്. സാധാരണയായി കണ്ടുവരുന്ന വീടുകളിൽ നിന്നും മാറി രസകരമായ രീതിയിൽ ബോക്സ് ടൈപ്പായും ഓവൽ ഷേപ്പിലുമൊക്കെ വീടുകൾ ഒരുങ്ങുന്നുണ്ട്. ഇത്തരത്തിൽ കൗതുകം നിറച്ച വീടാണ് ബോളിന്റെ ആകൃതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ജപ്പാനിലെ ഒരു ബോൾ വീട്.
ബോളിന്റെ ആകൃതിയിൽ ഒരുക്കിയ ഈ വീടിന് കാഴ്ചയിൽ മാത്രമല്ല പ്രത്യേകതകൾ ഉള്ളത്. മനോഹരവും വ്യത്യസ്തവുമായ ആകൃതിയിൽ നിർമ്മിച്ച ഈ വീടിന് ഭൂമികുലുക്കം, സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനും സാധിക്കുമെന്നാണ് ഇതിന്റെ നിർമാതാക്കൾ പറയുന്നത്.
Read also: ക്രിസ്മസ് വരവേൽക്കാൻ മഞ്ഞണിഞ്ഞ് ഒരുങ്ങി ലാപ്ലാൻഡ്- അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ
ജപ്പാനിൽ നിർമിച്ചിരിക്കുന്ന ഈ വീടിന് 540 ചതുരശ്രയടി വിസ്തീർണമാണ്. അതിന് പുറമെ ബോളിന്റെ ആകൃതിയിൽ ഉള്ള ഈ വീടിന് 32 വശങ്ങളുമുണ്ട്. അതേസമയം ഈ വീടിനകത്ത് രണ്ടുപേർക്കാണ് സുഖമായി താമസിക്കാൻ കഴിയുക. അത്യാവശ്യ സൗകര്യങ്ങളും ഇതിനകത്ത് ഒരുക്കിയിട്ടുണ്ട്. ജി വുഡ് എന്ന ജാപ്പനീസ് കമ്പനിയാണ് ഈ ബോൾ വീടിന് പിന്നിൽ. എന്തായാലും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടിയതാണ് ഈ വീട്.
കൗതുകമൊളിപ്പിക്കുന്ന വീടുകൾ സമൂഹ മാധ്യമങ്ങളിൽ ഇടംനേടാറുണ്ട്. ഒച്ചുവീടും, ചില്ലുവീടുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതാണ്. ഇപ്പോഴിതാ ഏറെ കൗതുകമൊളിപ്പിക്കുകയാണ് ഈ പന്ത് വീടും.
Story highlights; Soccer Ball shaped House