ഇന്ത്യയിൽ 33 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നതായി റിപ്പോർട്ട്
രാജ്യത്ത് 33 ലക്ഷത്തോളം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നതായി വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇതിൽ 17.76 ലക്ഷത്തോളം പേർ അതിഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നവരാണ്. അതേസമയം കഴിഞ്ഞ നവംബർ മാസത്തിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം 9.27 ലക്ഷമായിരുന്നു പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികളുടെ എണ്ണം. എന്നാൽ ഒരുവർഷത്തിന് ശേഷം പുറത്തുവന്ന കണക്കുകളിൽ വലിയ രീതിയിലുള്ള വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് വലിയ രീതിയിലുള്ള ആശങ്കയും വർധിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം പുറത്തിറക്കിയ പോഷൻ ആപ്പിൽ രേഖപ്പെടുത്തിയ വിവരമനുസരിച്ചാണ് പുതിയ കണക്ക്. മഹാരാഷ്ട്ര, ഗുജറാത്ത്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നത്. ആറുവയസുവരെയുള്ള കുട്ടികളുടെ മാത്രം കണക്ക് പുറത്തുവിടുമ്പോഴാണ് ഇത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ കുട്ടികളുടെ പോഷകാഹാരക്കുറവിന് കാരണമായതായും റിപ്പോർട്ടുകൾ പറയുന്നുണ്ട്.
അതേസമയം 2015-16 വർഷത്തിൽ നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം അഞ്ചു വയസിന് താഴെയുള്ള നല്ലൊരു ശതമാനം കുട്ടികളിലും പ്രായത്തിനനുസരിച്ചുള്ള ഉയരവും തൂക്കവുമില്ലെന്ന് കണ്ടെത്തിയിരുന്നു.
Story highlights; 33 Lakh Children In India Malnourished