ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരു കല്യാണ നിശ്ചയം; കണ്ടുമറക്കേണ്ടതല്ല കണ്ടിരിക്കേണ്ട ചിത്രം, ‘തിങ്കളാഴ്ച നിശ്ചയം’ റിവ്യൂ
നമുക്ക് ചുറ്റിലും നടക്കുന്ന സർവ്വസാധാരണമായൊരു പ്രമേയത്തെ സാധാരണമായ രീതിയിൽ പ്രേക്ഷകരിലേക്കെത്തിച്ച ഒരു കൊച്ചു ചിത്രം…എന്നാൽ കണ്ടു മറക്കേണ്ട സിനിമ കാഴ്ചകൾക്കപ്പുറം പ്രേക്ഷകരെ ചിത്രത്തോട് ചേർത്ത് നിർത്തുന്ന എന്തോ ഒരു മാജിക് ഈ ചിത്രത്തിന് ഉണ്ട് എന്ന് തെറ്റാതെ പറയാൻ കഴിയും. പറഞ്ഞുവരുന്നത് കൊട്ടിഘോഷങ്ങളോ ആർഭാടങ്ങളോ ഒന്നുമില്ലാതെവന്ന് പ്രേക്ഷകമനംതൊട്ട സംവിധായകൻ സെന്ന ഹെഗ്ഡയുടെ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തെക്കുറിച്ചാണ്. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് എന്ന സ്ഥലത്തെ ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന വിവാഹനിശ്ചയത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളും അതിനോട് അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
ലാളിത്യം മുഖമുദ്രയാക്കി ഒരുക്കിയ ചിത്രത്തിലെ ദൃശ്യശൈലിയും ഡീറ്റൈലിങ്ങിലെ കൃത്യതയും എടുത്തു പറയേണ്ട ഒന്നാണ്. ഒറ്റ വാക്കിൽ പറഞ്ഞൊതുക്കാൻ കഴിയുന്ന ഒരു സാധാരണ സംഭവത്തെ സംഭവബഹുലമായും അതിമനോഹരമായും ഒരു മുഴുനീള ചിത്രമാക്കി പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ പറഞ്ഞുവയ്ക്കുന്നുണ്ട് ഈ ചിത്രത്തിൽ. ബോറടിപ്പിക്കാതെ പറഞ്ഞുവയ്ക്കുന്നുണ്ട് എന്ന് മാത്രമല്ല ഒരു നിമിഷം പോലും ചിത്രത്തിൽ നിന്നും കണ്ണെടുക്കാൻ കഴിയാത്ത രീതിയിൽ മറ്റെന്തോ മാജിക് കൂടി ഈ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട് അണിയറപ്രവർത്തകർ.
മുൻനിര ചലച്ചിത്രതാരങ്ങളോ കടിച്ചാൽ പൊട്ടാത്ത നെടുനീളൻ ഡയലോഗുകളെ ഇല്ലാത്ത ചിത്രത്തിൽ കാഞ്ഞങ്ങാട്ടെ ഭാഷാശൈലിയിലാണ് ഉപയോഗിച്ചിരിക്കുന്നത്. ക്യാമറയ്ക്ക് മുൻപിൽ വർഷങ്ങളുടെ പരിചയമുള്ളവരല്ല മറിച്ച് നാടകവേദികളിൽ പ്രതിഭകളായവരും സാധാരണക്കാരുമായ താരങ്ങൾ അതിഗംഭീര പ്രകടനങ്ങളാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. കെ.യു വിജയന്, പി.ആര്. അര്പിത്, സുനില് സൂര്യ, രഞ്ജി കങ്കോല്, സജിന് ചെറുകയില്, അനുരൂപ്, ഉണ്ണിരാജ, രാജേഷ് മാധവന്, അജിഷ പ്രഭാകരന്, അനഘ നാരായണന്, ഉണ്ണിമായ നാല്പ്പടം, സുചിത്ര ദേവി തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
Read also: ഫ്രെയ്മിൽ ഉള്ളത് ചിത്രത്തിന്റെ പകുതി മാത്രം; ലേലത്തിൽ 190 കോടി രൂപയ്ക്ക് വിറ്റ ചിത്രത്തിന് പിന്നിൽ
കർക്കശക്കാരനായ പിതാവും വാത്സല്യം തുളുമ്പുന്ന അമ്മയും പ്രണയത്തിന്റെ മനോഹാരിതയും വിരഹത്തിന്റെ വേദനയും നാട്ടിൻ പുറങ്ങളുടെ നന്മയും അടക്കം ഒരു കൊച്ചുഗ്രാമത്തിന്റെ മനോഹാരിത മുഴുവൻ പൂർണമായും ഒപ്പിയെടുത്ത ചിത്രം കൂടിയാണ് തിങ്കളാഴ്ച നിശ്ചയം. പ്രണയത്തിനും നർമ്മത്തിനും അടക്കം പ്രാധാന്യം കൊടുത്തൊരുക്കിയിരിക്കുന്ന ഈ ചിത്രം പറഞ്ഞുവയ്ക്കുന്നത് സമകാലിക പ്രസക്തിയുള്ള ഒരു കാര്യം കൂടിയാണ്.
സിനിമ ആവശ്യപ്പെടുന്ന മിതത്വം ഉറപ്പുവരുത്തുന്നതാണ് ചിത്രത്തിന്റെ തിരക്കഥ. സംവിധായകൻ സെന്ന ഹെഗ്ഡേയും ശ്രീരാജ് രവീന്ദ്രനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനോട് പൂർണമായും നീതി പുലർത്തിക്കൊണ്ടാണ് ഛായാഗ്രാഹകൻ ശ്രീരാജ് രവീന്ദ്രനും എഡിറ്റർ ഹരിലാൽ രാജീവ് കോസ്റ്റും ഡിസൈനറുമടക്കമുള്ളവർ പ്രവർത്തിച്ചിരിക്കുന്നത്.
Story highlights: Thinkalazhcha Nishchayam Review