2021ന്റെ വാക്കായി തെരഞ്ഞെടുക്കപ്പെട്ടത് കൊറോണയും ലോക്ക് ഡൗണുമല്ല!
കൊവിഡിന്റെ തുടക്കത്തോടെ ഒട്ടേറെ പുതിയ വാക്കുകളുമായി ലോകം പരിചയപ്പെട്ടിരുന്നു. ലോക്ക് ഡൌൺ, കൊറോണ തുടങ്ങിയവയെല്ലാം ദൈനംദിന ജീവിതത്തിൽ ഉപയോഗിച്ച് തുടങ്ങി. എന്നാൽ ഇവയെല്ലാം ഒരു നിരാശയുടെയും ആശങ്കയുടേയുമൊക്കെ വാക്കുകൾ ആയിരുന്നു. കൊവിഡ് തുടക്കമിട്ടതുമുതൽ പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയുമൊക്കെ പര്യായമായി നിലകൊള്ളുകയാണ് വാക്സിൻ എന്ന പദം.
വൈറസ് പടരുകയും ജീവിതം പ്രതിസന്ധിയിലാക്കുകയും ചെയ്ത സമയത്ത് ഒരു വാക്സിൻ എത്രയും വേഗം തയ്യാറാക്കണം എന്നതായിരുന്നു ആഗോള പ്രതികരണവും പ്രതീക്ഷയും. ഇപ്പോൾ, നിരവധി വാക്സിനുകൾ ശാസ്ത്രലോകം കണ്ടെത്തി. മാരകമായ വൈറസിനെതിരായ പോരാട്ടത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ ദിവസവും വാക്സിനേഷൻ എടുക്കുന്നു.
വാക്സിൻ മുൻപ് തന്നെ പരിചിതമായ വാക്കായിരുന്നുവെങ്കിലും 2020 മുതലാണ് ഒരു പ്രതീക്ഷയുടെ പര്യായമായി അത് മാറിയത്. ഈ അവസരത്തിൽ യുഎസ് പ്രസാധകനായ മെറിയം-വെബ്സ്റ്റർ ‘വാക്സിൻ’ 2021 ലെ പദമായി പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണ വൈറസ് കാരണം 2021-ൽ വാക്സിനുകളുമായി ബന്ധപ്പെട്ട വാക്കുകളുടെ ഉപയോഗം വർധിച്ചു.
നവംബറിൽ ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു അവരുടെ ഈ വർഷത്തെ വാക്ക് ആയി വാക്സ് തെരഞ്ഞെടുത്തതിന് ശേഷമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
Story highlights- US publisher Merriam-Webster picks ‘Vaccine’ as 2021 word of the year