കമ്പ്യൂട്ടർ സയൻസിൽ ബിരുദം, ഇംഗ്ലീഷും ഹിന്ദിയും നന്നായി സംസാരിക്കും; ഹൃദയംതൊട്ട് തെരുവിൽ കഴിയുന്ന സ്വാതിയുടെ ജീവിതം…
വാരാണസിയിലെ അസി ഘട്ടിലെ തെരുവോരങ്ങളിൽ അലഞ്ഞുനടക്കുന്ന സ്വാതി എന്ന യുവതിയുടെ ജീവിതകഥയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. ബനാറസിലെ കോളജ് വിദ്യാർത്ഥി അവനീഷ് പകർത്തിയ വിഡിയോയിലൂടെയാണ് ഈ യുവതിയുടെ കഥ ലോകം അറിയുന്നത്.
ദക്ഷിണേന്ത്യയിലെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന സ്വാതി കമ്പ്യൂട്ടർ സയൻസിൽ ബിരുദധാരിയാണ്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളും ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധി ഘട്ടങ്ങളുമാണ് ഇങ്ങനെയൊരു അവസ്ഥയ്ക്ക് കാരണം എന്നാണ് സ്വാതി പറയുന്നത്. ഒരു കുഞ്ഞ് ജനിച്ച ശേഷം സ്വാതിയുടെ ശരീരത്തിന്റെ ഒരു വശം തളർന്നുപോയി, ഇതോടെ ജോലിയ്ക്ക് പോകാനോ കുടുംബം നോക്കാനോ കഴിയാത്ത അവസ്ഥയുമായി. സഹായത്തിന് ആരുമില്ലാതെകൂടി വന്നതോടെ വീട് വിട്ട് ഇറങ്ങേണ്ടി വരുകയായിരുന്നു തനിക്കെന്നും സ്വാതി പറയുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി വാരാണസിയിലെ തെരുവോരങ്ങളിൽ കഴിയുകയാണ് സ്വാതി.
അതേസമയം തനിക്ക് ഒരു ജോലിയാണ് ആവശ്യം, എന്നാൽ അതിനുള്ള ഒരു സാഹചര്യവും ഇല്ലാത്തതിനാലാണ് ഇങ്ങനെ ജീവിക്കേണ്ടി വരുന്നതെന്നും സ്വാതി പറയുന്നു. മുഷിഞ്ഞ വസ്ത്രവും ജടപിടിച്ച മുടിയുമായി നടക്കുന്ന തന്നെക്കണ്ട് പലരും മാനസീകരോഗിയാണെന്ന് പായാറുണ്ട്, പക്ഷെ തന്റെ മനസിനും ശരീരത്തിനും ഒരു പ്രശ്നവും ഇല്ല താൻ പൂർണ ആരോഗ്യവതിയാണെന്നും സ്വാതി പറയുന്നു.
തെരുവോരങ്ങളിൽ കഴിയുന്ന സ്വാതിയ്ക്ക് ആരെങ്കിലും ദയ തോന്നി വല്ല ഭക്ഷണവും വാങ്ങി നൽകിയാൽ അത് കഴിച്ചാണ് ഈ യുവതി ജീവിതം തള്ളിനീക്കുന്നത്. ഇത്തരത്തിൽ ആരോരുമില്ലാതെ തെരുവോരങ്ങളിൽ ജീവിക്കുന്ന അനേകം പേരിൽ ഒരാളാണ് ഇംഗ്ലീഷും ഹിന്ദിയും അടക്കം നന്നായി സംസാരിക്കുന്ന ഈ ബിരുദധാരിയും.
Story highlights; Video of A Computer Science Graduate, Lives On The Streets