കല്ലെന്ന് കരുതി ഉപേക്ഷിക്കാൻ ഒരുങ്ങിയത് 20 കോടി വിലമതിക്കുന്ന വജ്രം

November 2, 2021

ഒരു വജ്രത്തിന്റെ പകിട്ടോ തിളക്കമോ ഇല്ലാത്തതുകൊണ്ടാകാം താൻ വർഷങ്ങളായി കൊണ്ടുനടക്കുന്ന ആഭരണം വിറ്റൊഴിവാക്കാൻ അവർ തീരുമാനിച്ചത്. ഇതിനായി ഇംഗ്ലണ്ടിലെ ഒരു ലേലകേന്ദ്രത്തിൽ എത്തിയ സ്ത്രീയെ പക്ഷെ കാത്തിരുന്നത് അത്ഭുതപ്പെടുത്തുന്ന വാർത്തയായിരുന്നു. കൈയിൽ ഉണ്ടായിരുന്ന നിരവധി ആഭരണങ്ങൾക്കൊപ്പം വിൽക്കാനായി സാധാരണ കല്ലിൽ നിർമിച്ചതെന്ന് കരുതിയ വജ്രക്കല്ലും സ്ത്രീ ലേലം നടത്തുന്ന അധികൃതരെ ഏൽപ്പിച്ചു.

വിൽക്കാനായി അവർ നൽകിയ കല്ലിന് പക്ഷെ അവർ കരുതിയതിലും അപ്പുറമായിരുന്നു വില. കല്ലിന്റെ മാറ്റ് പരിശോധിച്ചപ്പോൾ 34 കാരറ്റിന്റെ തനി വജ്രമായിരുന്നു അത്. ആദ്യനോട്ടത്തിൽ കൃത്രിമ ഡയമണ്ടായ ക്യുബിക് സിർകോണിയ ആണെന്നാണ് ഇത് പരിശോധിച്ചവർ കരുതിയത്. എന്നാൽ അധികൃതർ നടത്തിയ വിദഗ്ധ പരിശോധനയിൽ ഏകദേശം 20 കോടിയോളം വിലമതിക്കുന്ന പ്രകൃതിദത്ത വജ്രമാണ് ഈ കല്ലെന്ന് തിരിച്ചറിയുകയായിരുന്നു.

Read also: പ്രാകൃത രൂപത്തിന്റെ പേരിൽ പരിഹസിക്കപ്പെട്ട് കാട്ടിൽ ഒളിച്ചു; ഇന്ന് കോട്ടും സ്യൂട്ടുമണിഞ്ഞ് സ്‌കൂളിൽ- സാൻസിമാൻ എല്ലിയുടെ അമ്പരപ്പിക്കുന്ന ജീവിതം

അതേസമയം താൻ ഇത്രയും നാൾ തീരെ മൂല്യമില്ലെന്ന് കരുതി കൊണ്ടുനടന്ന വജ്രം ഇത്രയധികം വിലമതിക്കുന്ന ഒന്നാണെന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ് വജ്രത്തിന്റെ ഉടമസ്ഥയായ സ്ത്രീ. എന്നാൽ ഈ വജ്രക്കല്ല് തനിക്ക് ലഭിച്ചത് എവിടുന്നാണെന്ന് ഓർമ്മയില്ലെന്നും ഇതിന്റെ മൂല്യം ഇപ്പോഴെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും വജ്രത്തിന്റെ ഉടമയായ സ്ത്രീ പറഞ്ഞു.

Story highlights: Woman discovers ring she was about to throw away worth Rs 20 crore