lakshya

ഏറ്റവും അടുത്തുള്ള കടയിൽ പോയി ഭക്ഷണ സാധനങ്ങൾ വാങ്ങിവരാൻ 2 ദിവസമെടുക്കും; സാഹസീക യാത്രകൾ നിറഞ്ഞ മീഡറുടെ ജീവിതം

November 17, 2021

അവശ്യസാധനങ്ങൾ കടയിൽ പോയി വാങ്ങിവരാൻ നമുക്ക് നിമിഷങ്ങൾ മതി, ഇനി അല്ലെങ്കിൽ ഓഡർ ചെയ്‌താൽ മണിക്കൂറുകൾക്കുള്ളിൽ സാധനങ്ങൾ വീട്ടുപടിക്കൽ എത്തും. അത്രയേറെ സൗകര്യം നിറഞ്ഞ കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ കടയിൽ പോയി സാധനങ്ങൾ വാങ്ങിവരാൻ ഏകദേശം രണ്ട് ദിവസം എടുക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അത്ര എളുപ്പമല്ല. എന്നാൽ അത്തരത്തിൽ ഒരു വാർത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.

പറഞ്ഞുവരുന്നത് സിനൈഡ്‌ മീഡർ എന്ന യുവതിയുടെ ജീവിതത്തെക്കുറിച്ചാണ്. കാനഡയിലെ യൂക്കോൺ പ്രവിശ്യയിലാണ് മീഡർ താമസിക്കുന്നത്. പൊതുവെ ജനസാന്ദ്രത കുറഞ്ഞ സ്ഥലമാണ് യൂക്കോൺ. മീഡർ താമസിക്കുന്നതാവട്ടെ ആൾത്താമസം വളരെക്കുറഞ്ഞ ഒരു പ്രദേശത്തും. ഇവിടെ നിന്നും കടകളിലേക്കോ മറ്റോ എത്താൻ അഞ്ചോ അതിലധികമോ മണിക്കൂറുകൾ തന്നെ വേണം. ഏറ്റവും അടുത്തുള്ള പലചരക്ക് കടയിലേക്കുള്ള ദൂരം 544 കിലോമീറ്ററാണ്. എന്നാൽ വഴിയിൽ പലയിടങ്ങളിലും മൊബൈൽ സിഗ്നലോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തതിനാൽ ഈ വഴിയിലൂടെയുള്ള രാത്രിയാത്ര അതികഠിനമാണ്. അതിനാൽ കടയിലേക്കോ മറ്റോ പോയാൽ ആ ദിവസം തന്നെ തിരികെ എത്തുക സാധ്യമല്ല.

Read also: ഭിക്ഷയായി വാങ്ങിയിരുന്നത് ഒരു രൂപ മാത്രം; മാനസിക വൈകല്യമുള്ള യാചകന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് ആയിരങ്ങൾ

സോഷ്യൽ ഇടങ്ങളിൽ സജീവസാന്നിധ്യമായ മീഡർ തന്നെയാണ് തന്റെ സ്ഥലത്തെക്കുറിച്ചും അവിടുത്തെ യാത്രക്കളെക്കുറിച്ചുമെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതോടെയാണ് ആളുകൾ ഈ സ്ഥലത്തെപ്പറ്റി കൂടുതലായി അറിഞ്ഞത്. ഓരോ തവണയും മീഡർ സാധനങ്ങൾ വാങ്ങാൻ പോയാൽ ആ യാത്ര രണ്ട് ദിവസത്തോളം എടുക്കും. കാലാവസ്ഥ മോശമായാൽ സംഗതി പറയുകയും വേണ്ട. അതുകൊണ്ടുതന്നെ എളുപ്പത്തിൽ കേടുവരാത്ത ടിൻ ഫുഡുകളാണ് മീഡർ കൂടുതലും വാങ്ങിക്കുന്നത്.

മീഡറുടെ വിഡിയോ കണ്ട് നിരവധിയാളുകളാണ് ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ അയച്ചത്. എന്തിനാണ് ഇത്രയും സാഹസീക യാത്രകൾ നടത്തുന്നതെന്നും സുരക്ഷിതമല്ലെങ്കിൽ താമസം മാറിക്കൂടെയെന്നുമാണ് മിക്കവരും ചോദിക്കുന്നത്. എന്നാൽ താൻ ഈ യാത്രകൾ വളരെയധികം ആസ്വദിക്കാറുണ്ടെന്നും പ്രകൃതിയുടെ മനോഹാരിത ഇവിടെ കൂടുതൽ നന്നായി ആസ്വദിക്കാൻ കഴിയുമെന്നുമാണ് മീഡർ പറയുന്നത്. അതേസമയം മീഡറിന്റെ ധൈര്യത്തെ അഭിനന്ദിക്കുന്നവരും നിരവധിയാണ്.

Story highlights; Woman Living In Isolated Town need Dangerous Two Day Trip To Get Food