പ്രാകൃത രൂപത്തിന്റെ പേരിൽ പരിഹസിക്കപ്പെട്ട് കാട്ടിൽ ഒളിച്ചു; ഇന്ന് കോട്ടും സ്യൂട്ടുമണിഞ്ഞ് സ്കൂളിൽ- സാൻസിമാൻ എല്ലിയുടെ അമ്പരപ്പിക്കുന്ന ജീവിതം
റുവാണ്ടയിലെ സാൻസിമാൻ എല്ലി ഏതാനും നാളുകൾക്ക് മുൻപാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയത്. യഥാർത്ഥ ജീവിതത്തിലെ മൗഗ്ലി എന്നറിയപ്പെടുന്ന സാൻസിമാൻ കാട്ടിലാണ് അധികവും കഴിഞ്ഞത്. 1999-ൽ ജനിച്ച 22-കാരന് മൈക്രോസെഫാലി എന്ന അസുഖം ബാധിക്കുകയായിരുന്നു. മൈക്രോസെഫാലി എന്നാൽ ജനിക്കുമ്പോൾ കുട്ടിയുടെ തല തീരെ ചെറുതായിരിക്കുന്ന അവസ്ഥയാണ്. ഈ അവസ്ഥ ആളുകളിൽ നിന്നും സാൻസിമാൻ എല്ലിയെ അകറ്റി.
ഒട്ടേറെ പ്രതിസന്ധികൾ ഈ യുവാവിന്റെ ജീവിതത്തിൽ ഉണ്ടായി. അസ്വാഭാവികമായ മുഖഭാവങ്ങൾ ഉള്ളതിനാൽ സാൻസിമാൻ എല്ലിയെ പലപ്പോഴും നാട്ടുകാർ ഭീഷണിപ്പെടുത്തുകയും ഓടിക്കുകയും ചെയ്യാറുണ്ടെന്ന് അമ്മ വെളിപ്പെടുത്തിയത് 2020ലാണ്. മാത്രമല്ല, കേൾവിക്കുറവും സംസാരശേഷിയില്ലായ്മയും കാരണം ഒരിക്കലും സ്കൂളിൽ പോകാനും സാൻസിമാന് സാധിച്ചിട്ടില്ല. എന്നാൽ അമ്മയുടെ ഈ അഭിമുഖം ലോകം മുഴുവൻ ശ്രദ്ധനേടിയതോടെ സാൻസിമാന്റെ ജീവിതം മാറിമറിഞ്ഞു. അഫ്രിമാക്സ് ടിവി ഒരു ക്രൗഡ് ഫണ്ടിംഗ് സംരംഭം ഇവർക്കായി ആരംഭിച്ചു. എല്ലിയെയും കുടുംബത്തെയും സഹായിക്കാൻ ചാനൽ ഒരു പേജ് ആരംഭിക്കുകയും ചെയ്തു. സാൻസിമാൻ എല്ലിയുടെയും അമ്മയുടെയും ജീവിത സാഹചര്യങ്ങൾ മാറി. എന്നാൽ അവിടംകൊണ്ട് ആ വ്യത്യസ്തനായ യുവാവിന്റെ കഥ അവസാനിക്കുന്നില്ല.
ഒരിക്കൽ പരിഹസിക്കപ്പെട്ടത് രൂപത്തിനെ പേരിലാണെങ്കിൽ അതേരൂപം ഇന്ന് അയാൾക്ക് കയ്യടികൾ നേടിക്കൊടുക്കുന്നു. വെളുത്ത ഷർട്ടും കറുത്ത സ്യൂട്ടും ധരിച്ച് ഇപ്പോൾ സ്കൂളിൽ പോകുകയാണ് എല്ലി. റിപ്പോർട്ടുകൾ പ്രകാരം, റുവാണ്ടയിലെ ഗിസെനിയിലെ ഉബുംവെ കമ്മ്യൂണിറ്റി സെന്ററിലെ സ്പെഷ്യൽ സ്കൂളിലാണ് സാൻസിമാൻ ഇപ്പോൾ ചേർന്നിരിക്കുന്നത്.
Story highlights- Zanziman Ellie lifestory