വി പി സുഹൈറിന്റെ ഗോളിൽ ബംഗാൾ കടന്ന് നോർത്ത് ഈസ്റ്റ്

December 18, 2021

അറുപത് മിനിറ്റിൽ മലയാളി താരം വി പി സുഹൈർ നേടിയ മികച്ച ഗോളിന്റെയും 68 മിനിറ്റിലെ പാട്രിക് ഫ്ലോട്ട്മാന്റെ മിന്നും ഹെഡറിന്റെയും ബലത്തിൽ ഈസ്റ്റ് ബെംഗാളിനെ തോല്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഐ എസ്‌ എൽ 2021 ൽ ഇതുവരെ വിജയം നേടാനാകാത്ത ബംഗാൾ ഇന്നലെ ആക്രമിച്ച് കളിച്ചാണ് തുടങ്ങിയത്. പക്ഷെ ഗോൾ മാത്രം അകന്നു നിന്നു. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാനായില്ല.

ഗോൾ രഹിതമായ ഒന്നാം പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയിലാണ് നോർത്ത് ഈസ്റ്റിന്റെ രണ്ട് ഗോളുകളും പിറന്നത്. മലയാളി താരം സുഹൈർ ആദ്യ ഗോൾ നേടിയതിനു ശേഷം കൂടുതൽ ആക്രമിച്ച് കളിച്ച നോർത്ത് ഈസ്റ്റിനെ പിടിച്ച് കെട്ടാൻ ബംഗാൾ പ്രതിരോധം നന്നായി കഷ്ട്ടപെട്ടു.

ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് ഏഴ് കളികളില്‍ ഏഴ് പോയന്‍റുമായി കേരളാ ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഏഴ് കളികളില്‍ മൂന്ന് പോയന്‍റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്ത് തുടരുന്നു. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് ഖാസ കമാറയുമായി കൈയാങ്കളിക്ക് മുതിര്‍ന്ന ആന്‍റോണിയോ പെര്‍സോവിച്ച് ചുവപ്പു കാര്‍ഡ് കണ്ടതോടെ 10 പേരുമായി മത്സരം പൂര്‍ത്തിയാക്കേണ്ടി വന്നു ഈസ്റ്റ് ബംഗാളിന്. മത്സരം തുടങ്ങുന്നതിന് തൊട്ട് മുന്നേ പരിക്കുമൂലം ക്യാപ്റ്റന്‍ ഹെര്‍നാന്‍ സന്‍റാനയെ നോര്‍ത്ത് ഈസ്റ്റിനും നഷ്ടമായിരുന്നു.

story highlights: NorthEast United pick themselves up with dominant win