ചെറുപ്പത്തിലേ കൂടെക്കൂടിയ ആഗ്രഹം, വാർധക്യത്തിൽ വിമാനം പറത്തി സന്തോഷം കണ്ടെത്തുന്ന 76 കാരൻ

December 5, 2021

കുട്ടികളായിരിക്കുമ്പോൾ ഒരുപാട് ആഗ്രഹങ്ങൾ ഉള്ളവരാണ് നമ്മൾ. എന്നാൽ സാഹചര്യങ്ങൾ കൊണ്ടോ മറ്റ് കരണങ്ങൾകൊണ്ടോ ചെറുപ്പത്തിൽ ആഗ്രഹിക്കുന്ന പല കാര്യങ്ങളും പിന്നീട് പതിയെ മറക്കാറാണ് പതിവ്. പക്ഷെ ചെറുപ്പം മുതൽ കൂടെക്കൂട്ടിയ ആഗ്രഹം സഫലമാക്കിയതിന്റെ സന്തോഷത്തിലാണ് 76 കാരൻ മുഹമ്മദ് മല്‍ഹാസ്. ജോര്‍ദാന്ഡ സ്വദേശിയായ മുഹമ്മദ് ചെറുപ്പത്തിൽ പട്ടം പറത്തി കളിക്കുന്ന പ്രായത്തിൽ ആഗ്രഹിച്ചതാണ് പൈലറ്റാകണം എന്നത്. എന്നാൽ വിധി അദ്ദേഹത്തിന് കാത്തുവെച്ചത് മറ്റൊരു ജോലിയായിരുന്നു.

ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ ബിരുദം നേടിയ മുഹമ്മദ് പഠനശേഷം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. എന്നാൽ ചെറുപ്പത്തിൽ കൂടെക്കൂട്ടിയ ആഗ്രഹം അദ്ദേഹത്തിന്റെ ഉള്ളിൽ പുകഞ്ഞുകൊണ്ടേയിരുന്നു. അതുകൊണ്ടുതന്നെ ഏവിയേഷനുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വായിക്കാൻ ഇടവേളകൾ അദ്ദേഹം ഉപയോഗിച്ചു. പിന്നീട് റോയല്‍ ജോര്‍ദാനിയന്‍ എയര്‍ അക്കാദമിയില്‍ ചേര്‍ന്ന് വിമാനം പറപ്പിക്കലിന്റെ പാഠങ്ങള്‍ പഠിച്ചു, ലൈസന്‍സും കരസ്ഥമാക്കി. ശേഷം പത്ത് വര്‍ഷത്തോളം ജോര്‍ദാനിയന്‍ ഗ്ലൈഡിംഗ് ക്ലബിലെ അംഗമെന്ന നിലയില്‍ എല്ലാ ആഴ്ചയും വിമാനം പറത്താനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു.

Read also; ‘ഷൂട്ടിങ് ആണെന്ന് പോലും മറന്ന് ചുറ്റും നിന്നവരുടെ മുഴുവൻ കണ്ണുകൾ നിറഞ്ഞു’: ഇന്ദ്രൻസിന്റെ അഭിനയമികവിനെക്കുറിച്ച് വിനയൻ

എന്നാൽ ഇതിൽ ഒന്നും തൃപ്തനാകാതിരുന്ന അദ്ദേഹം 2006-ൽ ‘വെര്‍ച്വല്‍ ഫ്‌ളൈയിങ് ‘ മേഖലയിലും ഒരു പരീക്ഷണത്തിനായി ഇറങ്ങിത്തിരിച്ചു. കംപ്യൂട്ടര്‍ സോഫ്‌റ്റ്വെയർ ഉപയോഗിച്ച് വിമാനം പറത്തുന്ന രീതിയിൽ അതിയായ സന്തോഷം കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചത്തോടെ ഈ മേഖലയിൽ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി വിമാനം പറത്താൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകൾക്കൊപ്പം ചേർന്ന് വിമാനത്തിന്റെ സൗകര്യങ്ങളും അന്തരീക്ഷവും ഈ മേഖലയിലും ഒരുക്കി. ഇപ്പോൾ ഓരോ ദിവസവും മണിക്കൂറുകളോളം വെർച്വൽ ഫ്‌ളൈയിങ് ചെയ്യാറുണ്ട് മുഹമ്മദ്. യഥാർത്ഥത്തിൽ വിമാനം പറത്തുന്നതുപോലുള്ള അനുഭവമാണ് ഇത് സമ്മാനിക്കുന്നത് എന്നാണ് മുഹമ്മദ് മൽഹാസിന്റെ അഭിപ്രായം.

Story highlights:76 year old Man Flies The World From His Homemade Cockpit