പുഞ്ചിരിച്ചുകൊണ്ട് നേരിടും, ശക്തമായ കഥാപാത്രങ്ങളുമായി വീണ്ടുമെത്തും; കാൻസർ പോരാട്ടത്തെക്കുറിച്ച് നടി

December 21, 2021

നിനച്ചിരിക്കാത്ത നേരത്ത് നമ്മെ തേടിയെത്തുന്ന അസുഖങ്ങൾ പലപ്പോഴും വലിയ വേദനകളാണ് നൽകുന്നത്. അത്തരത്തിൽ കാൻസർ എന്ന രോഗത്തെ അതിജീവിക്കുന്ന നിരവധിയാളുകളെക്കുറിച്ചും സോഷ്യൽ ഇടങ്ങളിൽ അവർ പങ്കുവയ്ക്കുന്ന അതിജീവനക്കുറിപ്പുകളും വലിയ രീതിയിൽ ആളുകളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ കാൻസറിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ച് കുറിപ്പ് പങ്കുവയ്ക്കുകയാണ് തെലുങ്ക് നടി ഹംസ നന്ദിനി.

‘ജീവിതം എത്ര ക്രൂരമായി എന്ന് തോന്നിയാലും സ്വയം ഒരു ഇരയായി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു ചെറുപുഞ്ചിരിയോടെ ഇതിനെതിരെ പോരാടിക്കൊണ്ടേയിരിക്കും. രോഗത്തെ അതിജീവിച്ച് ശക്തമായ കഥാപാത്രങ്ങളുമായി സ്ക്രീനിലേക്ക് തിരികെയെത്തും. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനായി എന്റെ കഥകൾ പറയുമെന്നുമാണ്’ താരം കുറിച്ചത്.

അടുത്തിടെയാണ് താരത്തിന് സ്തനാർബുദം സ്ഥിരീകരിച്ചത്. ഗ്രേഡ് ത്രീ ഇൻവേസീവ് കാർസിനോമ എന്ന രോഗാവസ്ഥയെ അതിജീവിക്കാനുള്ള പോരാട്ടത്തിലാണ് ഹംസ നന്ദിനിയിപ്പോൾ. നാല് മാസങ്ങൾക്ക് മുമ്പ് നെഞ്ചിൽ ഒരു മുഴ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് സ്ഥനാർബുദമാണെന്ന് കണ്ടെത്തിയത്. പിന്നീട് രോഗത്തെ തുടച്ചുനീക്കാനായി ഓപ്പറേഷനും നടത്തി. അങ്ങനെ ശരീരത്തിൽ നിന്നും കാൻസറിനെ പൂർണമായും നീക്കം ചെയ്തതായി ഡോകടറുമാരും അറിയിച്ചു. പക്ഷെ ആ ആശ്വാസം ഹ്രസ്വ കാലം മാത്രമേ ഉണ്ടായിരുന്നുള്ളു.

Read also: ‘കദളി കൺകദളി ചെങ്കദളി..’പാടി എസ്തർ-രണ്ടരവയസുമുതൽ സംഗീതലോകത്ത് വിസ്മയമായ മിടുക്കി- വിഡിയോ

ജീവിതത്തിലുടനീളം ഇനിയൊരു സ്തനാർബുദത്തിനുള്ള സാധ്യത 70 ശതമാനം ഉണ്ടെന്നും അണ്ഡാശയ അർബുദത്തിനുള്ള സാധ്യത 45 ശതമാനവും ഉള്ളതായും കണ്ടെത്തി. അതേസമയം രോഗത്തെ പൂർണമായും അതിജീവിക്കുന്നതിനുള്ള ചികിത്സയുമായി മുന്നോട്ട് പോകുകയാണ് താരമിപ്പോൾ.

Story highlights: Actress writes about cancer survival