അതിസാഹസികത നിറച്ച് ‘അജഗജാന്തരം’ മേക്കിങ് വിഡിയോ

December 30, 2021

തിയേറ്ററുകളിൽ ആവേശം നിറച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ടിനു പാപ്പച്ചൻ- ആന്റണി വർഗീസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ അജഗജാന്തരം. ഉത്സവ പറമ്പിലേക്ക് ഒരു ആനയും പാപ്പാനും ഒരു കൂട്ടം യുവാക്കളും എത്തുന്നതും അവിടെ അരങ്ങേറുന്ന സംഭവങ്ങളും പറയുന്ന ചിത്രമാണ് അജഗജാന്തരം. മനുഷ്യന് പുറമെ ആനയ്ക്കും പ്രാധാന്യം നൽകിയ ചിത്രം അതിസാഹസീകമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വിഡിയോ പങ്കുവെച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. നൂറു കണക്കിന് ആളുകളെ ഉൾപ്പെടുത്തി ചിത്രീകരിച്ച രംഗങ്ങളും ഡമ്മി ആനയെ ഉപയോഗിച്ച് എടുത്ത രംഗങ്ങളുമടക്കം ഉൾപ്പെടുത്തിയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്.

ആന്റണി വർഗീസിനൊപ്പം നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, കിച്ചു ടെല്ലസ്, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയവര്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.

Read also;ഇത് ബേസിൽ ജോസഫ് ബ്രില്യൻസ്; മിന്നൽ മുരളിയിലെ ശ്രദ്ധിക്കാതെപോയ ചില രംഗങ്ങൾ, വിഡിയോ

സിൽവർ ബേ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ  എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ തയാറാക്കിയിരിക്കുന്നത് കിച്ചു ടെല്ലസ് വിനീത് വിശ്വം എന്നിവർ ചേർന്നാണ്. ഉത്സവപ്പറമ്പിലേയ്ക്ക് എത്തുന്ന ഒരു ആനയും പാപ്പനും തുടര്‍ന്നു നടക്കുന്ന ചില ആക്ഷന്‍ രംഗങ്ങളുമൊക്കെയാണ് ചിത്രത്തില്‍ കഥാപശ്ചാത്തലമാകുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം നര്‍മത്തിനും ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

story highlights: ajagajantharam making video