പുഞ്ചിരിച്ചും അമ്പരന്നും അമേക; രസികൻ മനുഷ്യഭാവങ്ങളുമായി ഹ്യൂമൻ റോബോർട്ട്
ടെക്നോളജിയുടെ വളർച്ച മനുഷ്യനെ അമ്പരപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ആ വളർച്ചയുടെ ഏറ്റവും വലിയ ഉദാഹരണമാണ് മനുഷ്യനെപ്പോലെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന റോബോട്ടുകൾ. അത്തരത്തിൽ മനുഷ്യന്റെ രൂപഭാവങ്ങളുമായി വന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് സോഫിയ എന്ന ഹ്യൂമനോയിഡ് റോബോർട്ട്. പൊതുവേദികളിൽ സംസാരിക്കുകയും ചിരിക്കുകയും മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് മറുപടി നല്കുകയും ചെയ്യുന്ന സോഫിയ എന്ന റോബോർട്ടിന് ശേഷം ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഈ രംഗത്ത് വീണ്ടും വലിയ മാറ്റങ്ങൾ ഉണ്ടായികൊണ്ടിരിക്കുകയാണ്.
റോബോട്ടുകൾക്ക് യഥാർത്ഥ മനുഷ്യരുടെതുപോലുള്ള ശരീരപ്രകൃതി നൽകാനുള്ള ശ്രമത്തിലാണ് ഇപ്പോൾ റോബോർട്ടിക് ഗവേഷണ രംഗം. യുകെയിലെ എഞ്ചിനീയേര്ഡ്സ് ആർട്സ് എന്ന റോബോർട്ടിക് സ്ഥാപനം പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പടുന്നത്. അമേക എന്ന റോബോർട്ടാണ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. മറ്റ് റോബോട്ടുകളിൽ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ മുഖഭാവങ്ങൾ കുറച്ചുകൂടി തന്മയത്വത്തോടെ പ്രകടിപ്പിക്കുകയാണ് അമേക.
മനുഷ്യനെപ്പോലെ പുഞ്ചിരിക്കുന്നതും ആകാംഷ കാണിക്കുന്നതും അമ്പരക്കുന്നതും മയക്കമുണരുന്നതുമുൾപ്പെടെ നിരവധി ഭാവങ്ങൾ അമേക വളരെ ഭംഗിയായി പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം മനുഷ്യസമാനമായ ശരീരസ്വഭാവങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് അമേകയുടെ ജനനം എന്നാണ് ഗവേഷകരുടെ അഭിപ്രായപ്പെടുന്നത്. ഇതിന് പുറമെ സഞ്ചരിക്കാനുള്ള കഴിവും അമേകയ്ക്ക് നൽകും എന്നാണ് ഗവേഷകർ പറയുന്നത്.
Story highlights: Ameca Humanoid Robot Facial Expressions