അമ്മയുടെ വേർപാടിന്റെ ഒന്നാം വാർഷികം- സംഗീതത്തിലൂടെ ആദരാജ്ഞലികൾ അർപ്പിച്ച് എ ആർ റഹ്മാൻ
ഇന്ത്യൻ സംഗീതലോകത്തിന്റെ അഭിമാനമാണ് എ ആർ റഹ്മാൻ. എന്തിലും സംഗീതത്തിന്റെ അംശം കണ്ടെത്തുന്ന റഹ്മാൻ ഇപ്പോഴിതാ, അമ്മയുടെ ഒന്നാം ചരമ വാർഷികത്തിലും ആദരഞ്ജലികൾ അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്ഷം ഡിസംബർ 28നായിരുന്നു കരീമാ ബീഗം അന്തരിച്ചത്. ഹൃദയം തൊടുന്നൊരു സംഗീതമാണ് എ ആർ റഹ്മാൻ പങ്കുവെച്ചിരിക്കുന്നത്.
ഒൻപതാം വയസ്സിൽ അച്ഛൻ ആർ ഒ ശേഖറിനെ നഷ്ടപ്പെട്ടതിനാൽ വളരെ ചെറുപ്പം മുതലേ അമ്മയാണ് എ ആർ റഹ്മാനെ വളർത്തിയത്.‘സ്ലംഡോഗ് മില്യണയർ’ എന്ന ചിത്രത്തിലെ സംഗീതത്തിന് ഓസ്കാർ നേടിയപ്പോൾ എആർ റഹ്മാൻ തന്റെ അമ്മയെ ആണ് പുരസ്കാരവേദിയിൽ ഓർമിച്ചത്. എനിക്ക് അമ്മയല്ലാതെ ഒന്നുമില്ല. അമ്മയുടെ അനുഗ്രഹം തനിക്കൊപ്പമുണ്ടെന്നും അവരോട് നന്ദിയുണ്ടെന്നും അന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
ഒട്ടേറെ പുരസ്കാരങ്ങൾക്ക് അർഹനായിരുന്നു അദ്ദേഹം. ഓരോ തവണയും ബഹുമതികൾ ലഭിക്കുമ്പോൾ തന്റെ സംഗീത യാത്രയിൽ അമ്മ നൽകിയ പിന്തുണയെകുറിച്ച് പങ്കുവയ്ക്കുന്നതിൽ അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല.അതേസമയം, എ ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ അന്താരാഷ്ട്ര പുരസ്കാര നിറവിലാണ്. ഇന്റർനാഷണൽ സൗണ്ട് ഫ്യൂച്ചർ അവാർഡുകളിൽ മികച്ച ആനിമേഷൻ മ്യൂസിക് വിഡിയോയ്ക്കുള്ള പുരസ്കാരം നേടിയിരിക്കുകയാണ് ഖദീജ റഹ്മാൻ സംവിധാനം ചെയ്ത ഫരിസ്തോ എന്ന ആൽബം.
Story highlights- AR Rahman’s heartfelt tribute video to his mother