‘മിന്നൽ മുരളി’യ്ക്ക് ഹോളിവുഡിൽ നിന്നൊരു ആശംസ; ശ്രദ്ധനേടി അവഞ്ചേഴ്സ് സംഗീത സംവിധായകന്റെ വാക്കുകൾ
സിനിമ പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്ന ടൊവിനോ തോമസ് ചിത്രമാണ് മിന്നൽ മുരളി. റിലീസിനൊരുങ്ങുന്ന ബേസിൽ ജോസഫ് ചിത്രത്തിന് ഹോളിവുഡിൽ നിന്നും ലഭിച്ച ആശംസകളാണ് ഇപ്പോൾ സിനിമ പ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്. ലോകപ്രശസ്തമായ നിരവധി ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ എലൻ സിൽവെസ്ട്രിയാണ് മിന്നൽ മുരളിയ്ക്ക് ആശംസകളുമായി എത്തുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ചിത്രത്തിന്റെ ട്രെയ്ലർ പങ്കുവെച്ചുകൊണ്ടാണ് താരം ചിത്രത്തിന് ആശംസകൾ നേർന്നത്. ‘ഫോറസ്റ്റ് ഗംപ്’, ‘പ്രെഡേറ്റർ, ‘കാസ്റ്റ് എവേ’, ‘ദ അവഞ്ചേഴ്സ്’, ‘റെഡി പ്ലയർ വൺ’, ‘അവഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ’, ‘അവഞ്ചേഴ്സ്: എൻഡ് ഗെയിം’ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ താരമാണ് എലൻ സിൽവെസ്ട്രി.
അതേസമയം നെറ്റ്ഫ്ലിക്സ് റിലീസായാണ് മിന്നൽ മുരളി കാഴ്ചക്കാരിലേക്ക് എത്തുന്നത്. ടൊവിനോ തോമസിന് പുറമെ ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. മിസ്റ്റര് മുരളിയെന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. ചിത്രം തെലുങ്കിൽ എത്തുമ്പോൾ മെരുപ്പ് മുരളിയെന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. കന്നഡയിൽ ഇത് മിഞ്ചു മുരളിയെന്നാകും.
Read also; വിവാഹവിരുന്നിൽ നിന്നും ഭക്ഷണവുമായി റെയിൽവേ പ്ലാറ്റ്ഫോമിലേക്ക്; വൈറലായ ചിത്രങ്ങൾ പറയുന്നത്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമ്മിക്കുന്നത്. ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന ബജറ്റിൽ ഒരുക്കിയ ചിത്രമാണ് മിന്നൽ മുരളി. വി എഫ് എക്സിനും സംഘട്ടനങ്ങൾക്കും വലിയ പ്രാധാന്യമുള്ള ചിത്രമാണ് മിന്നൽ മുരളി.
Story highlights: Avengers composer Alan Silvestri extends his best wishes to Tovino’s Minnal Murali