ഭാസിപിള്ള മാത്രമായിരുന്നു പടം കണ്ടുകഴിഞ്ഞപ്പോൾ മനസ്സിൽ നിന്നത്- ഷൈൻ ടോം ചാക്കോയെക്കുറിച്ച് ഭദ്രന്റെ വാക്കുകൾ

December 18, 2021

മലയാളത്തിലെ യുവനിര നടന്മാരിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് ഷൈൻ ടോം ചാക്കോ. നെഗറ്റീവ് റോളുകളിലൂടെ ഏറെ ശ്രദ്ധനേടിയ താരത്തെക്കുറിച്ച് സംവിധായകൻ ഭദ്രന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ തരംഗമാകുന്നത്. കഥാപാത്രങ്ങൾക്ക് ഇണങ്ങുന്ന ശരീര ഭാഷയിൽ ഡയലോഗുകൾ കൃത്യമായി പറയുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രം കുറുപ്പിലെ താരത്തിന്റെ കഥാപാത്രത്തെക്കുറിച്ചും ഭദ്രൻ പറയുന്നുണ്ട്. കുറിപ്പിൽ ഷൈൻ ടോം ചാക്കോ അവതരിപ്പിച്ച ഭാസിപിള്ള എന്ന കഥാപാത്രം പടം കണ്ടുകഴിഞ്ഞതിന് ശേഷവും മനസ്സിൽ നിറഞ്ഞു നിന്നു എന്നാണ് ഭദ്രൻ പറയുന്നത്.

ഭദ്രന്റെ വാക്കുകൾ…

മണ്ണിനോട് പൊരുതുന്ന മലയാളിയുടെ ചുണ്ടിൽ പുകയുന്ന മുറിബീഡിയ്ക്ക് ഒരു ലഹരിയുണ്ട്.

ഷൈൻ ടോം ചാക്കോ ചുണ്ടിൽ ബീഡിയോ സിസറോ പുകയ്ക്കുമ്പോൾ ഇവനൊരു ചുണക്കുട്ടൻ ആണല്ലോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ചലച്ചിത്ര അവാർഡ് കമ്മിറ്റിയിൽ ജൂറി ചെയർമാൻ ആയി ഇരിക്കെ, ഏറെ സിനിമകൾ കാണുകയുണ്ടായി. പലതിലും ഷൈൻ ടോം ചാക്കോയുടെ വേഷങ്ങളിൽ ഒരു താളവും പ്രസരിപ്പും അനുഭവിച്ചു. താൻ പറയേണ്ട ഡയലോഗുകൾ കഥാപാത്രങ്ങൾക്ക് ഇണങ്ങുന്ന ശരീരഭാഷയ്ക്കും അതിനോട് ചേർന്ന് നിൽക്കേണ്ട ശബ്ദക്രമീകരണവും സൃഷ്ടിക്കപ്പെടുമ്പോഴാണ്, ഒരു യഥാർത്ഥ ആക്ടർ ഉണ്ടാകുന്നത്.. ഇയാൾ ഇക്കാര്യത്തിൽ സമർത്ഥനാണ്.

ഏറ്റവും ഒടുവിൽ കണ്ട കുറുപ്പിലെ ഭാസിപ്പിള്ള മാത്രമായിരുന്നു പടം കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ നിന്നത്. മോനേ കുട്ടാ, നൈസർഗികമായി കിട്ടിയതൊന്നും നമ്മളായി കളയാതെ സൂക്ഷിക്കുക. ചില മുഖങ്ങൾ കാഴ്ച്ചയിൽ സൗന്ദര്യമുള്ളതാവണമെന്നില്ല. പക്ഷേ, ആ മുഖം പല വേഷങ്ങൾക്കും ഒഴിച്ചു കൂടാൻ പറ്റാത്ത റോ മെറ്റീരിയൽ ആണെന്ന് ഓർക്കുക.- ഭദ്രൻ കുറിച്ചു.

Read also: വിനീത് ശ്രീനിവാസനൊപ്പം പാട്ട് പാടി സൗബിൻ സാഹിർ; മനോഹരം ലാൽ ജോസ് ചിത്രത്തിലെ ഗാനം

Story highlights: Bhadran Talks about Shine tom Chacko