തകർന്നുവീണ കെട്ടിടങ്ങൾക്കടിയിൽ മാഡിക്സ് കഴിഞ്ഞത് 9 ദിവസം; ജീവൻ രക്ഷിച്ച് ജിബ്സൺ
അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങൾ വലിയ രീതിയിലുള്ള ഞെട്ടലുകളാണ് നമുക്കിടയിൽ സൃഷ്ടിക്കുന്നത്. അത്തരത്തിൽ കഴിഞ്ഞ ദിവസം അമേരിക്കയിലെ കെന്റക്കിയിലെ മെയ്ഫീൽഡിൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റ് സൃഷ്ടിച്ചതും വലിയ നാശനഷ്ടങ്ങളാണ്. ശക്തമായ കാറ്റിനെത്തുടർന്ന് നിരവധി കെട്ടിടങ്ങളും മറ്റും തകർന്നുവീണിരുന്നു. തകർന്ന് വീണ കെട്ടിടങ്ങൾക്ക് അടിയിൽ നിന്നും ഒൻപത് ദിവസങ്ങൾക്ക് ശേഷം ജീവനോടെ കണ്ടെത്തിയിരിക്കുകയാണ് മാഡിക്സ് എന്ന പൂച്ചയെ.
ശക്തമായ കാറ്റിൽ ജിബ്സൺ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടവും തകർന്നുവീണിരുന്നു. ഇദ്ദേഹത്തിന്റെ വളർത്തുപൂച്ചയായ മാഡിക്സിനെ അന്ന് മുതൽ കാണാതെ ആയിരുന്നു. പൂച്ചയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തിയെങ്കിലും മാഡിക്സിനെ കണ്ടെത്താൻ കഴിയാതിരുന്നതോടെ ഇനി ഒരിക്കലും മാഡിക്സ് തിരിച്ചുവരില്ല എന്നാണ് ജിബ്സണും കുടുംബവും കരുതിയത്.
തകർന്ന് വീണ കെട്ടിടങ്ങൾക്ക് അരികിൽ എത്തിയപ്പോൾ പല തവണ മാഡിക്സ് കരയുന്ന ശബ്ദം കേട്ടെങ്കിലും പൂച്ചയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും ജിബ്സൺ ഇവിടെ എത്തിയപ്പോൾ പൂച്ചയുടെ ഞരക്കവും മൂളലും കേൾക്കുന്നതുപോലെ തോന്നി. തുടർന്ന് ആദ്യം ജിബ്സൺ അവിടെ കെട്ടിടങ്ങൾക്ക് അടിയിൽ മാഡിക്സിനെ തിരഞ്ഞു. പിന്നീട് അവിടെയുണ്ടായിരുന്ന കുറച്ച് ആളുകളുടെ സഹായത്തോടെ വീണ്ടും നടത്തിയ തിരച്ചിലിൽ മാഡിക്സിനെ കണ്ടെത്തി.
Read also: 22 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത് നടക്കാൻ കഴിയുന്ന അപൂർവ മത്സ്യത്തെ
കെട്ടിടങ്ങൾക്ക് അടിയിൽ നിന്നും പുറത്തെടുത്ത മാഡിക്സ് ആദ്യം തീരെ അവശയായി കണ്ടെങ്കിലും ആശുപത്രിയിൽ എത്തിച്ച് വേണ്ട പരിചരണങ്ങൾ നൽകിയതോടെ മാഡിക്സ് വീണ്ടും ആരോഗ്യവതിയായി. തന്റെ വളർത്തുപൂച്ചയെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ജിബ്സൺ. അതോടൊപ്പം ഒരു ജീവൻ രക്ഷപ്പെടുത്താൻ ജിബ്സൺ കാണിച്ച മനസിനെ പ്രശംസിച്ചും നിരവധിപ്പേർ എത്തുന്നുണ്ട്.
Story highlights: Cat found alive in Mayfield, Ky. rubble 9 days after tornado