ക്രിസ്മസ് ആഘോഷങ്ങൾക്ക് മധുരം പകർന്ന് ഒരു ഗാനം; ഹൃദയതാളങ്ങൾ കീഴടക്കി ‘മാടിവിളിപ്പത് ദിവ്യ നക്ഷത്രം’
മഞ്ഞിന്റെ പുതപ്പണിഞ്ഞ് പുതിയ പ്രതീക്ഷകളുമായി ഡിസംബർ എത്തി.. ഡിസംബർ മാസത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്കായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. നക്ഷത്രങ്ങളും പുൽക്കൂടും ക്രിസ്മസ് ട്രീയും സാന്താക്ലോസുമൊക്കെയായി അലങ്കാരങ്ങളും ഉയർന്നു, ക്രിസ്മസ് കാഴ്ചകൾക്കൊപ്പം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറയുകയാണ് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മധുരം പകര്‍ന്നുകൊണ്ട് ഒരു കൂട്ടം സംഗീത പ്രേമികൾ ചേർന്നൊരുക്കിയ ഒരു ക്രിസ്മസ് ബോട്ട് സോങ്.
‘മാടിവിളിപ്പത് ദിവ്യ നക്ഷത്രം’ എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ക്രിസ്ത്യൻ ഭക്തി ഗാനം ഇതിനോടകം പാട്ട് പ്രേമികളുടെ ഹൃദയതാളങ്ങളും കീഴടക്കികഴിഞ്ഞു. ക്രിസ്മസിന്റെ വെണ്മയ്ക്കൊപ്പം കേരളത്തനിമ കൂടി ചേർന്നൊരുക്കിയിരിക്കുന്ന ആൽബം ചെയ്തിരിക്കുന്നത് സ്റ്റീഫൻ കോശിയാണ്. മനോഹരമായ സംഗീതത്തിന് പുറമെ ദൃശ്യമികവുകൊണ്ടും ഈ ആൽബം വേറിട്ടുനിൽക്കുന്നു. ആന്റോ അഗസ്റ്റിനാണ് ദൃശ്യാവിഷ്കാരം നിർവഹിച്ചിരിക്കുന്നത്.
അമരവിള യൂത്ത് കോറസ്സിന്റെ ബാനറിൽ റിലീസ് ചെയ്ത ഈ ഗാനത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഈ ടീമിന്റെ ഡയറക്ടറും കീബോർഡിസ്റ്റുമായ ആശിഷ് രാജ് ആണ്. താളക്കൊഴുപ്പേകാൻ ദർബുക്കയുമായ് ബിജോ കൂട്ടിനുണ്ട്. എബിൻ വിൻസെന്റാണ് ഓഡിയോ മിക്സ് ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികൾ, എൻജിനീയർമാർ, ഡോക്ടർമാർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ആളുകൾ ചേർന്നുള്ള ഗായകസംഘമാണ് ഈ മനോഹരമായ സംഗീതത്തിന്റെ പിറവിയ്ക്ക് പിന്നിൽ.
Story highlights : Christmas Boat Song Madivilippath Divya Nakshathram