‘ഗാനമേ തന്നുനീ…’ മനോഹരമായ മെലഡിയുമായി മധുരം ടീം, വിഡിയോ ഗാനം ശ്രദ്ധനേടുന്നു

December 18, 2021

ജോജു ജോര്‍ജ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. മധുരം എന്നാണ് ചിത്രത്തിന്റെ പേര്. അഹമ്മദ് കബീറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ജൂണ്‍ എന്ന ചിത്രത്തിനു ശേഷം അഹമ്മദ് കബീറും ജോജു ജോര്‍ജും ഒരുമിച്ചെത്തുന്ന ചിത്രംകൂടിയാണ് മധുരം. ഇപ്പോഴിതാ ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഗാനമേ എന്നാരംഭിക്കുന്ന പാട്ടിന് വരികൾ ഒരുക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഹിഷാം അബ്‍ദുള്‍ വഹാബ് സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷും നിത്യ മാമ്മനും ചേര്‍ന്ന്.

റൊമാൻസ് വിഭാഗത്തിലാണ് മധുരം ഒരുങ്ങുന്നത്. രണ്ട് തലമുറകളുടെ പ്രണയത്തെക്കുറിച്ച് ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ പങ്കുവയ്ക്കുന്ന ചിത്രമാണ് മധുരം. ജോജു ജോർജിന്റെ നായികയായി ശ്രുതി രാമചന്ദ്രനും അർജുൻ അശോകന്റെ നായികയായി നിഖില വിമലും ചിത്രത്തിൽ വേഷമിടുന്നു. നടൻ ഇന്ദ്രൻസും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവർക്ക് പുറമെ ജാഫര്‍ ഇടുക്കി, ഫഹിം സഫര്‍, മാളവിക, ബാബു ജോസ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Read also: ‘നിന്റെ ജനനം അനുഗ്രഹീതമായിരുന്നു, ആ ഓർമകൾ ഞങ്ങൾക്കെന്നും നിധി’; മകളുടെ ഓർമയിൽ കെ എസ് ചിത്ര

ആഷിഖ് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ അഹമ്മദ് കബീറിന്റേതാണ് ചിത്രത്തിന്റെ കഥയും. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights; Gaaname Video Song- Madhuram