ഇല്ലായ്മയിൽ നിന്ന് പങ്കുവയ്ക്കുമ്പോഴാണ് ആഘോഷങ്ങൾക്ക് മൂല്യമേറുന്നത്- ഹൃദയംതൊട്ടൊരു വിഡിയോ
ആഘോഷങ്ങളുടെയും ഒത്തുചേരലിന്റെയും നക്ഷത്ര തിളക്കവുമായാണ് ഓരോ ക്രിസ്മസ് കാലവും എത്താറുള്ളത്. പുൽക്കൂടൊരുക്കി ക്രിസ്മസ് ട്രീ അലങ്കരിച്ച് സമാധാനദൂതനായ സാന്റാക്ലോസിനായി, സമ്മാനങ്ങൾക്കായി കാത്തിരുന്ന ഒരു കുട്ടിക്കാലം എല്ലാവർക്കുമുണ്ടാകും. കാരണം, ദേശഭേദമില്ലാതെ എല്ലാവരും ഒരുമയോടെ ഡിസംബർ കുളിരിൽ ഈ ആഘോഷവേളയിൽ പങ്കാളികളാകാറുണ്ട്. ഒത്തുചേരലിനൊപ്പം തന്നെ പങ്കുവയ്ക്കലിന്റെ കൂടി പ്രാധാന്യം ഓർമിപ്പിക്കാറുണ്ട് ക്രിസ്മസ്.
അങ്ങനെ ഇല്ലായ്മയിലും പങ്കുവയ്കക്കലിന്റെ പ്രാധാന്യം ഹൃദയത്തിലേക്ക് പകർന്നുനല്കുകയാണ് ഫ്ളവേഴ്സ് ടി വി ഒരുക്കിയ വിഡിയോയിലൂടെ. ക്രിസ്മസ് ഓരോരുത്തരെയും സംബന്ധിച്ച് വ്യത്യസ്തമായ പ്രതീക്ഷകളാണ്. ജീവിതത്തിന്റെ തിരക്കുകൾക്ക് ഇടയിൽ ആഘോഷങ്ങൾ ആസ്വദിക്കാനാകാത്തവരുമുണ്ട്. എന്നാൽ കുട്ടികളെ സംബന്ധിച്ച് അവർക്ക് സമ്മാനങ്ങൾ ചെറുതാണെങ്കിലും വലുതാണെങ്കിലും നൽകുന്ന സന്തോഷം അതിരറ്റതാണ്.
സമൂഹത്തിലെ രണ്ടു വ്യത്യസ്ത തലങ്ങളിൽ, വേറിട്ട ജീവിതസാഹചര്യങ്ങളിൽ നിൽക്കുന്ന വ്യക്തികളിലൂടെ പങ്കുവയ്ക്കലിന്റെ പ്രാധാന്യവും ഇല്ലായ്മയിൽ നിന്നും നൽകുന്നതിന്റെ മൂല്യവും കാഴ്ചക്കാരിലേക്ക് എത്തിക്കുകയാണ് ഈ ഹ്ര്വസ്വ വിഡിയോ. സ്വാർത്ഥതയില്ലാതെ ഈ ക്രിസ്മസ് നാളിൽ ഉള്ളതിൽ നിന്നും പങ്കുവെച്ചും വിട്ടുകൊടുത്തും നന്മ വിതറുന്ന എല്ലാവർക്കുമുള്ള ആദരവാണ് ഹൃദയംതൊടുന്ന ഈ കാഴ്ച. അതെ, ഇല്ലായ്മയിൽനിന്നും നൽകുമ്പോഴാണ് ഓരോ ആഘോഷങ്ങളും സന്തോഷവും കാരുണ്യവും സമ്മാനിക്കുന്നത്.
Read Also: സാന്റാക്ലോസായി അണിയിച്ചൊരുക്കിയ നിങ്ങളുടെ കുരുന്നുകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കൂ, സമ്മാനം നേടൂ
ഹൃദ്യമായ വിഡിയോയുടെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശ്രീരാജ് ശ്രീകണ്ഠൻ ആണ്. സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത് വൈശാഖ് മൂവാറ്റുപുഴ. ഡി ഓ പി അതുൽ അമ്പിളി നിർവഹിച്ചിരിക്കുന്നു. മ്യൂസിക് ഒരുക്കിയിരിക്കുന്നത് ഗോപകുമാർ. അസിസ്റ്റന്റ് ഡയറക്ടറാണ് സനു വർഗീസ്. എഡിറ്റിങ് നിര്വഹിച്ചിരിക്കുന്നതും സനു വർഗീസാണ്. സൗണ്ട് ഡിസൈൻ- ആദർശ് രവീന്ദ്രൻ. ആഷ്ലി, ശ്രീനന്ദ, ഗംഗലക്ഷ്മി എന്നിവരാണ് വേഷമിട്ടിരിക്കുന്നത്.
Story highlights- heart touching christmas special short video