യാത്രക്കിടെ ഹൃദയാഘാതം; മരിക്കുന്നതിന് മുമ്പ് ഡ്രൈവർ രക്ഷിച്ചത് 30 യാത്രക്കാരുടെ ജീവൻ
മധുരയിലെ ഒരു ബസ്‌ഡ്രൈവർ ഹൃദയാഘാതം മൂലം മരിക്കുന്നതിന് മുമ്പ് രക്ഷിച്ചത് 30 യാത്രക്കാരുടെ ജീവൻ. വ്യാഴാഴ്ച രാവിലെ കണ്ടക്ടർ എസ് ഭാഗ്യരാജിനൊപ്പം അരപ്പാളയത്തുനിന്ന് കൊടൈക്കനാലിലേക്കുള്ള ബസ് ഓടിച്ചിരുന്നത് 44കാരനായ എം അറുമുഖമാണ്. രാവിലെ 6:20ന് അരപ്പാളയത്തുനിന്ന് ബസ് പുറപ്പെട്ടിരുന്നു. ബസിൽ 30 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
രാവിലെ 6.25 ഓടെ അറുമുഖത്തിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടു. ബസ് റോഡരികിൽ നിർത്തി, വീഴുന്നതിന് മുമ്പ് കണ്ടക്ടറെ വിവരമറിയിക്കുകയായിരുന്നു. കണ്ടക്ടർ ഉടൻ ആംബുലൻസ് വിളിച്ചെങ്കിലും ആംബുലൻസ് എത്തുമ്പോഴേക്കും ഹൃദയാഘാതം മൂലം അറുമുഖം മരിച്ചിരുന്നു.
തമിഴ്‌നാട് ട്രാൻസ്‌പോർട്ട് സർവീസിൽ ഡ്രൈവറായി 12 വർഷത്തെ പരിചയം അറുമുഖത്തിനുണ്ടായിരുന്നു, 30 പേരുടെ ജീവൻ രക്ഷിച്ച അറുമുഖത്തിന്റെ മാതൃകാപരമായ പ്രവർത്തനം എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് സഹപ്രവർത്തകർ അറിയിക്കുന്നു. അടുത്തിടെ കേരളത്തിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഡ്രൈവറുടെ സമയോചിതമായ നീക്കമാണ് ഒട്ടേറെ യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ കാരണമായത്.
Story highlights- Madurai bus driver saves lives of 30 people before dying of heart attack