മേപ്പടിയാനിൽ മുഖ്യകഥാപാത്രമായി ഇന്ദ്രൻസും; അഷ്‌റഫ് അലിയാറിനെ ഏറ്റെടുത്ത് ആരാധകർ

December 30, 2021

ഉണ്ണിമുകുന്ദനെ നായകനാക്കി വിഷ്ണു മോഹൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് മേപ്പടിയാൻ. റിലീസിനൊരുങ്ങുന്ന ചിത്രത്തിലെ ഇന്ദ്രൻസിന്റെ ക്യാരക്ടർ പോസ്റ്ററാണ് ആരാധകരിൽ ആവേശം നിറയ്ക്കുന്നത്. ചിത്രത്തിൽ അഷ്‌റഫ് അലിയാർ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. പോസ്റ്റർ പുറത്തിറങ്ങിയതുമുതൽ താരത്തിന് ആശംസയുമായി നിരവധിപ്പേരാണ് എത്തുന്നത്. ജനുവരി 14 നാണ് ചിത്രം ആരാധകരിലേക്ക് എത്തുന്നത്.

ചിത്രത്തിൽ അജു വർഗീസ്‌, സൈജു കുറുപ്പ്‌, വിജയ്‌ ബാബു, കലാഭവൻ ഷാജോൺ തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന് വേണ്ടിയുള്ള ഉണ്ണി മുകുന്ദന്റെ മേക്ക് ഓവർ സിനിമ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ആദ്യമായി ഉണ്ണി മുകുന്ദൻ നിർമാതാവാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. താരത്തിന്റെ കരിയറിലെ തന്നെ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം കൂടിയാണ് മേപ്പടിയാൻ.

Read also; ഹൃദയംതൊടുന്ന ആലാപനമാധുര്യവുമായി ആൻ ബെൻസൺ; പാട്ട് ഏറ്റെടുത്ത് ടോപ് സിംഗർ വേദി

അതേസമയം ഉണ്ണി മുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ‘ബ്രൂസ്‌ ലീ’. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം 25 കോടിയോളം മുതൽ മുടക്കിലാണ് ഒരുങ്ങുന്നത്. മാസ് ആക്ഷൻ എന്റർടൈനർ നിർമിക്കുന്നത്‌ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ആണ്. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക്‌ ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന വൈശാഖ് ചിത്രം കൂടിയാണ് ‘ബ്രൂസ്‌ ലീ’. അതേസമയം മല്ലു സിംഗ് കഴിഞ്ഞ് 8 വർഷത്തിന് ശേഷം വൈശാഖ്- ഉണ്ണിമുകുന്ദൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ബ്രൂസ്‌ ലീ’.

Story highlights: meppadiyan movie Indrans character poster