തെരുവിൽ പത്ത് രൂപയ്ക്ക് ഭക്ഷണം വിൽക്കുന്ന വൃദ്ധദമ്പതികൾ, പിന്നിൽ ഹൃദയംതൊടുന്ന ഒരു കഥയും
ഓരോ യാത്രയിലും തെരുവോരങ്ങളിൽ ഭക്ഷണം വിൽക്കുന്ന നിരവധി ആളുകളെ നാം കാണാറുണ്ട്. അടുത്തിടെ കുടുംബത്തെ പട്ടിണിയിൽ നിന്നും രക്ഷിക്കാനായി തെരുവിൽ ഭക്ഷണം പാകം ചെയ്ത് വിൽക്കുന്ന പത്ത് വയസുകാരൻ കുട്ടി ഷെഫിനെ നാം പരിചയപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് തെരുവോരങ്ങളിൽ പത്ത് രൂപയ്ക്ക് ഭക്ഷണം തയാറാക്കി വിൽക്കുന്ന വൃദ്ധ ദമ്പതികളെ സോഷ്യൽ മീഡിയ പരിചയപ്പെടുത്തുന്നത്.
എഴുപത് വയസ് പിന്നിട്ട ഇരുവരും തങ്ങളുടെ വീട്ടുവാടക കൊടുക്കാനായാണ് തെരുവോരങ്ങളിൽ ഭക്ഷണം തയാറാക്കി വിൽക്കുന്നത്. പുലർച്ചെ നാല് മണിക്ക് ആരംഭിക്കുന്ന ഇരുവരുടെയും ജോലികൾ രാത്രി വൈകുവോളം നീണ്ടുനിൽക്കും. പ്രധാനമായും ആലു ബോണ്ടയും റ്റാരി പൊഹയുമൊക്കെയാണ് ഇരുവരും തയാറാക്കുന്നത്. ഒരു പ്ലേറ്റിന് പത്ത് രൂപയ്ക്കാണ് ഇവർ ഇത് തയാറാക്കി വിൽക്കുന്നത്.
നാഗ്പുരിലെ പണ്ഡിറ്റ് നെഹ്റു കോൺവെന്റിലുള്ള പ്രകാശ് പാൻ കോർണറിൽ ഭക്ഷണത്തിനൊപ്പം സ്നേഹവും വിളമ്പുന്ന ഈ ദമ്പതികളുടെ ചിത്രങ്ങളും വിഡിയോയും ഫുഡ്വ്ലോഗർമാരായ വിവേകും ആയേഷുമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വിശ്രമജീവിതം നയിക്കേണ്ട ഈ പ്രായത്തിലും ജോലി ചെയ്ത് ജീവിക്കുന്ന ഇരുവർക്കും നിറഞ്ഞ അഭിനന്ദനങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
Story highlights; Nagpur Couple Sells street food To Earn A Living