ഇത് പുനീതിന്റെ സ്വപ്നം; ആരാധകരുടെ കണ്ണുനിറച്ച് അവസാന ചിത്രം ‘ഗന്ധാഡഗുഡി’യുടെ ടീസർ
സിനിമ ആസ്വാദകരെ മുഴുവൻ ഞെട്ടിച്ചുകൊണ്ടായിരുന്നു കന്നഡ ചലച്ചിത്രതാരം പുനീത് രാജ്കുമാറിന്റെ മരണം. ഹൃദയാഘാതത്തെത്തുടർന്നാണ് പുനീത് മരണത്തിന് കീഴടങ്ങിയത്. ഇപ്പോഴിതാ പുനീത് നായകനായ ഡോക്യുമെന്ററി പ്രദർശനത്തിനൊരുങ്ങുകയാണ്. ചന്ദന മരങ്ങളുടെ ക്ഷേത്രം എന്നർത്ഥം വരുന്ന ‘ഗന്ധാഡഗുഡി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
അമോഘവർഷയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. വന്യജീവി ചലച്ചിത്ര സംവിധായകനായ അമോഘവർഷയും പുനീതും ഒന്നിച്ച ഡോക്യുമെന്ററി പുനീതിന്റെ സ്വപ്ന പദ്ധതിയാണ് എന്നാണ് അണിയറപ്രവത്തകർ പറയുന്നത്. അടുത്ത വർഷം തിയേറ്ററിൽ എത്താനൊരുങ്ങുന്ന ചിത്രം അശ്വിനി പുനീത് രാജ്കുമാറാണ് നിർമിച്ചിരിക്കുന്നത്.
Read also; പുഞ്ചിരിച്ചും അമ്പരന്നും അമേക; രസികൻ മനുഷ്യഭാവങ്ങളുമായി ഹ്യൂമൻ റോബോർട്ട്
അതേസമയം കന്നഡ സിനിമയിലെ സൂപ്പർസ്റ്റാർ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ്കുമാർ. 1985-ൽ ബേട്ടഡു ഹൂവി എന്ന ചിത്രത്തിലൂടെ ബാലതാരമായി തന്റെ കരിയർ ആരംഭിച്ച അദ്ദേഹം മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡും നേടിയിരുന്നു. 2002-ൽ പുറത്തിറങ്ങിയ അപ്പു എന്ന ചിത്രത്തിലൂടെയാണ് പുനീത് നായകനായി അരങ്ങേറ്റം കുറിച്ചത്. അഭി, വീര കന്നഡിഗ, അരസു, രാം, ഹുഡുഗാരു, അഞ്ജനി പുത്ര എന്നിവയും അദ്ദേഹത്തിന്റെ പ്രശസ്തമായ സിനിമകളിൽ ഉൾപ്പെടുന്നു. ഈ വർഷം ആദ്യം പുറത്തിറങ്ങിയ യുവരത്നയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്ന പുനീതിന്റെ മരണശേഷം താരത്തിന്റെ കണ്ണുകളിലൂടെ കാഴ്ച പകർന്നത് നാല് പേർക്കാണ്.
Story highlights; puneeth rajkumar’s Gandhada gudi teaser