ക്രിക്കറ്റ് പ്രേമികളുടെ സിരകളിൽ ആവേശം നിറച്ച് ’83’, ശ്രദ്ധനേടി ഗാനവും

ക്രിക്കറ്റ് പ്രേമികളുടെ സിരകളിൽ ആവേശം നിറയ്ക്കുകയാണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന 83 എന്ന ചിത്രം. 1983 ലെ ഇന്ത്യയുടെ ലോകകപ്പ് വിജയം ആസ്പദമാക്കി കബീര്‍ ഖാന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 83. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ കബിൽ ദേവിന്റെ ജീവിതം പറയുന്ന ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് രൺവീർ സിങ് ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ലെഹ്റാ ദൊ’ എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ക്രിക്കറ്റ് പ്രേമികളിൽ ആവേശം നിറയ്ക്കുന്ന ടീസർ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.
83 ൽ രൺവീറിനൊപ്പം മുഖ്യകഥാപാത്രമായി വേഷമിടുന്നത് ദീപിക പദുകോൺ ആണ്. കൂടാതെ ആമി വിര്‍ക്ക്, ഹാര്‍ഡി സന്തു, സക്കീബ് സലീം പങ്കജ് തൃപാദി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി അഞ്ച് ഭാഷകളിൽ ചിത്രം എത്തും. അതേസമയം ചിത്രത്തിന് വേണ്ടി രൺവീർ സിങ് നടത്തിയ ശ്രമങ്ങളും നേരത്തെ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കപില്‍ ദേവ് എന്ന വ്യക്തിയുടെ നിഴലാവാനാണ് താന്‍ ശ്രമിക്കുന്നത്, അദ്ദേഹത്തെ പിന്തുടരുകയും കഥാപാത്രത്തിന് വേണ്ട എല്ലാം കണ്ട് പഠിക്കുകയും ചെയ്യും. ഇത് തനിക്ക് ലഭിച്ച ഒരു സുവര്‍ണ്ണാവസരമാണ് പരമാവധി മികച്ച രീതിയില്‍ തന്നെ കപിലിനെ വെള്ളിത്തിരയിലെത്തിക്കാന്‍ താൻ ശ്രമിക്കുമെന്നും ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ രൺവീർ സിങ് പറഞ്ഞിരുന്നു.
ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രം ഡിസംബർ 24 നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.
Story highlights: Ranveer singh 83 song teaser