വരികൾ, സംഗീതം ആലാപനം ഷെയ്ൻ നിഗം; പാട്ട് ഏറ്റെടുത്ത് ആരാധകർ
മലയാള യുവനടന്മാരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഷൈൻ നിഗം. അഭിനയത്തിന് പുറമെ നൃത്തത്തിലും പാട്ടിലുമൊക്കെ ശ്രദ്ധിക്കപ്പെട്ട താരം ഒരുക്കിയ പാട്ടാണ് ഇപ്പോൾ സംഗീതപ്രേമികളിൽ ആവേശം നിറയ്ക്കുന്നത്. ഷെയ്ൻ നിഗത്തിന്റെ വരികൾക്ക് താരം തന്നെ സംഗീതം നൽകി ആലപിച്ചിരിക്കുന്ന പാട്ട് ഇതിനോടകം സോഷ്യൽ ഇടങ്ങളിലും ഹിറ്റായി കഴിഞ്ഞു. ‘രാ താരമേ’ എന്ന് തുടങ്ങുന്ന ഗാനം ഷെയ്ൻ നിഗം നായകനാകുന്ന ഭൂതകാലം എന്ന ചിത്രത്തിലേതാണ്.
ഷെയ്ൻ നിഗത്തിനൊപ്പം രേവതിയും മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ ശിവനാണ്. ചിത്രം നിർമ്മിക്കുന്നത് പ്ലാൻ ടി ഫിലിംസ് ഷെയ്ൻ നിഗം ഫിലിംസ് എന്നിവരുടെ ബാനറിൽ തെരേസ റാണി, സുനില ഹബീബ് എന്നിവരാണ്. ചിത്രത്തിൽ ഷെയ്ൻ നിഗത്തിന് പുറമെ സൈജു കുറുപ്പ്, ആതിര പട്ടേൽ, ജെയിംസ് ആലിയ എന്നിവരും അഭിനയിക്കുന്നുണ്ട്.
Read also: ‘നിന്റെ ജനനം അനുഗ്രഹീതമായിരുന്നു, ആ ഓർമകൾ ഞങ്ങൾക്കെന്നും നിധി’; മകളുടെ ഓർമയിൽ കെ എസ് ചിത്ര
‘കിസ്മത്ത്’ എന്ന ചിത്രത്തിലൂടെ നായകനായി എത്തിയതാണ് ഷെയ്ൻ നിഗം. അനുരാഗ് മനോഹർ സംവിധാനം നിർവഹിച്ച ‘ഇഷ്‌കി’ലും ഷെയ്ൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കുമ്പളങ്ങി നൈറ്റ്സിലും ശ്രദ്ധേയ കഥാപാത്രമാണ് ഷെയ്ൻ അവതരിപ്പിച്ചത്. അതേസമയം, ഷെയ്ൻ നിഗത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ‘ഡാനിയേൽ കേൾക്കുന്നുണ്ട്’, ‘ഉല്ലാസം’, ‘വലിയ പെരുന്നാൾ’, ‘ബർമുഡ’, ‘വെയിൽ’ എന്നിവ.
Story highlights; Shane Nigam Raa Thaarame Song