കൗതുകമായി 2021- ലെ ചില അപൂർവ ലോകറെക്കോർഡുകൾ
മഹാമാരിയേയും അതിജീവിച്ച് ലോകം മുന്നോട്ട് പോകാനൊരുങ്ങുകയാണ്…നഷ്ടങ്ങളുടെ കണക്കുകൾ ഏറെ പറയുന്ന 2021 അവസാനിക്കാൻ ഒരുങ്ങുമ്പോൾ ഈ വർഷത്തെ ചില നേട്ടങ്ങളെ നമുക്ക് നോക്കാം… അപൂർവവും കൗതുകം നിറഞ്ഞതുമായ 2021 ലെ ചില ലോക റെക്കോർഡുകളാണ് സോഷ്യൽ ഇടങ്ങളിൽ ഏറെ ശ്രദ്ധനേടുന്നത്.
കാഴ്ചക്കാരിൽ കൗതുകം നിറയ്ക്കുന്ന ചില അപൂർവ റെക്കോർഡുകൾ…
കൊവിഡ് മഹാമാരിയെ അതിജീവിക്കുന്ന ജനങ്ങൾക്കൊപ്പം സന്തത സഹചാരിയായി കൂടെക്കൂടിയതാണ് മാസ്ക്. കൊറോണയെ അതിജീവിക്കാനും രോഗപകർച്ച തടയാനുമായി മാസ്ക് ഉപയോഗിച്ച് തുടങ്ങിയ ആളുകൾക്കിടയിൽ മാസ്ക് ധരിച്ച് റെക്കോർഡ് കരസ്ഥമാക്കിയ വ്യക്തിയാണ് ജോർജ് പീൽ. കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ മാസ്ക് ധരിച്ചാണ് ജോർജ് പീൽ വ്യത്യസ്തനായത്. 7.35 സെക്കന്റ് കൊണ്ടാണ് ജോർജ് പീൽ 10 സർജിക്കൽ മാസ്കുകൾ ധരിക്കുന്നത്. അതേസമയം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ജോർജ് പീലിന്റെ മാസ്ക് മാറ്റുന്ന വീഡിയോ 3.3 ലക്ഷത്തിലധികം കാഴ്ച്ചക്കാരെയും നേടിയിരുന്നു.
വളരെ രസകരമായ മറ്റൊരു റെക്കോർഡിന് ഉടമയാണ് ഓസ്ട്രേലിയൻ സ്വദേശി സോ എല്ലിസ്. നാവുകൊണ്ട് ഏറ്റവുമധികം ഇലക്ട്രിക് ഫാനുകൾ നിർത്തിയാണ് സോ ലോകറെക്കോർഡ് നേട്ടത്തിന് ഉടമയായത്. 32 തവണ നാക്കുപയോഗിച്ച് വൈദ്യുത ഫാൻ നിർത്തിയതോടെയാണ് സോയെത്തേടി ഈ റെക്കോർഡ് എത്തിയത്.
വിചിത്രമായ മറ്റൊരു ലോകറെക്കോർഡാണ് നെവിൽ ഷാർപ്പിന് ഈ വർഷം ലഭിച്ചത്. ഏറ്റവും ശബ്ദമേറിയ ഏമ്പക്കത്തിനുള്ള അവാർഡാണ് നെവിലിന് ലഭിച്ചത്. ഓസ്ട്രേലിയയിൽ നിന്നുള്ള നെവിൽ ഷാർപ്പിന് ഏറ്റവും വലിയ ശബ്ദത്തിൽ ഏമ്പക്കം വിടുന്നതിനുള്ള റെക്കോർഡാണ് ലഭിച്ചത്. 45 കാരനായ നെവിൽ ഷാർപ്പിന്റെ ശബ്ദത്തിന്റെ തീവ്രത 112.4 ഡെസിബലാണ്.
Story highlights: Strange Guinees World Records in 2021