ആക്ഷനും ആവേശവും നിറച്ച് റാണ ദഗുബാട്ടി; ‘1945’ ട്രെയ്ലറിന് വൻ വരവേൽപ്പ്

റാണ ദഗുബാട്ടി മുഖ്യകഥാപാത്രമാകുന്ന ‘1945’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടു. ഏറെ പ്രതിസന്ധികൾക്ക് ശേഷം റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്ലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സത്യശിവ സംവിധാനം നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് എസ് എന്‍ രാജരാജനാണ്. സ്വാതന്ത്ര്യ സമര കാലഘട്ടത്തെക്കുറിച്ച് പറയുന്ന ചിത്രത്തിൽ സുഭാഷ് ചന്ദ്ര ബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ ഒരു ഭടന്റെ റോളിലാണ് റാണ എത്തുന്നത്.
ചിത്രത്തിൽ നായികാ വേഷത്തിലെത്തുന്നത് റജിന കസാന്‍ഡ്രയാണ്. സത്യരാജ്, നാസര്‍, ആര് ജെ ബാലാജി, കാളി വെങ്കട്ട് എന്നിവരും 1945 ൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സ്നേഹന്‍, അരുള്‍ കാമരാജ്, മോഹന്‍ രാജ എന്നിവരുടെ വരികള്‍ക്ക് യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം സത്യ പൊന്മാര്.
അതേസമയം മലയാളത്തിൽ ബിജു മേനോൻ- പൃഥ്വിരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലും മുഖ്യകഥാപാത്രത്തെ റാണ ദഗുബാട്ടി അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന് എന്ന കഥാപാത്രത്തെയാണ് റാണ അവതരിപ്പിക്കുന്നത്. ഡാനിയല്‍ ശേഖര്‍ എന്നാണ് തെലുങ്കില്‍ കഥാപാത്രത്തിന്റെ പേര്. സാഗര്‍ കെ ചന്ദ്ര ആണ് തെലുങ്ക് പതിപ്പിന്റെ സംവിധാനം.
Story highlights: 1945 Official Trailer