‘ഹൃദയ’ത്തെ പുകഴ്ത്തി അൻവർ റഷീദിന്റെ കുറിപ്പ്; പ്രണവ് മോഹൻലാലിൻറെ കരിയർ ബെസ്റ് പെർഫോമൻസെന്ന് നിരീക്ഷണം
പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന ഏറ്റവും പുതിയ മലയാള സിനിമയാണ് ‘ഹൃദയം’. ആദ്യ ഷോ മുതൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്ത് നിന്ന് ‘ഹൃദയ’ത്തിന് ലഭിക്കുന്നത്. പ്രണവ് മോഹൻലാലിൻറെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഒരു സവിശേഷതയായി പ്രേക്ഷകർ എടുത്ത് പറയുന്നത്. ഇത് വരെ കാണാത്ത ഒരു പ്രണവിനെയാണ് ‘ഹൃദയ’ത്തിൽ കണ്ടതെന്ന് പ്രേക്ഷകരും നിരൂപകരും ഒരേ പോലെ അഭിപ്രായപ്പെടുന്നു. ഇപ്പോൾ പ്രണവിനെയും, വിനീതിനെയും പ്രശംസിച്ച് സംവിധായകൻ അൻവർ റഷീദാണ് രംഗത്ത് വന്നിരിക്കുന്നത്.
‘ഹൃദയം’ വിനീത് ശ്രീനിവാസന്റെ ഏറ്റവും മികച്ച സിനിമയാണെന്നും പ്രണവിന്റെ കരിയർ ബെസ്റ് പ്രകടനമാണ് അദ്ദേഹം ഹൃദയത്തിൽ കാഴ്ചവെച്ചിരിക്കുന്നതെന്നും അൻവർ റഷീദ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ഹെഷാം അബ്ദുൽ വഹാബിന്റെ സംഗീതം ചിത്രത്തിന്റെ നട്ടെല്ലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിയേറ്ററുകൾക്ക് മെറിലാൻഡിന്റെ കോറോണക്കാലത്തെ സമ്മാനമാണ് ‘ഹൃദയ’മെന്നും അൻവർ റഷീദ് കൂട്ടിച്ചേർത്തു.
“ഹൃദയം കൊണ്ടെഴുതുന്ന കവിത, പ്രണയാമൃതം അതിന്‍ ഭാഷ’- ശ്രീകുമാരന്‍ തമ്പി (സിനിമ – അക്ഷരത്തെറ്റ്). വിനീത് ശ്രീനിവാസന്റെ ഏറ്റവും മികച്ച സിനിമ! പ്രണവ് മോഹന്‍ലാലിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ്! നട്ടെല്ലാവുന്ന സംഗീതം ഹെഷാം അബ്ദുള്‍ വഹാബ് തീയേറ്ററുകള്‍ക്ക് മെറിലാന്റ് സിനിമാസിന്റെ കൊറോണക്കാലത്തെ സമ്മാനം.. ഹൃദയം! A MUST WATCH!’, അന്‍വര്‍ റഷീദ് ഫേസ്ബുക്കിൽ കുറിച്ചു.
Read More: ബേസിൽ ജോസഫിന്റെ നായികയായി ദർശന രാജേന്ദ്രൻ; ‘ജയ ജയ ജയ ജയഹേ’ ഒരുങ്ങുന്നു
കൊവിഡിന്റെ പശ്ചാലത്തിൽ കൂടുതൽ നിയന്ത്രണങ്ങളും സൺഡേ ലോക്‌ഡൗണും വന്ന സാഹചര്യത്തിൽ ഹൃദയത്തിന്റെ റിലീസ് മാറ്റി വയ്ക്കുമോയെന്ന പ്രേക്ഷകരുടെയും തിയേറ്റർ ഉടമകളുടെയും ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ടാണ് ചിത്രം കഴിഞ്ഞ വെള്ളിയാഴ്ച പ്രദർശനത്തിനെത്തിയത്. പ്രണവ് മോഹൻലാലിനെ കൂടാതെ ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ, അജു വർഗ്ഗീസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ഹെഷാം അബ്ദുൽ വഹാബാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.
Story Highlights: Anwar Rasheed says ‘Hridayam’ has Pranav Mohanlal’s career best performance