രോഗക്കിടക്കയിലായ 7 വയസുകാരന് പകരം സ്കൂളിലെത്തിയ റോബോട്ട് ഫ്രണ്ട്, കൗതുക വിഡിയോ

January 18, 2022

അസുഖബാധിതനായ 7 വയസുകാരന് പകരം ഒരു സുഹൃത്ത് സ്കൂളിൽ പോകുക, അതും ഒരു റോബോട്ട് സുഹൃത്ത്… പറഞ്ഞ് വരുന്നത് സിനിമാക്കഥയാണെന്ന് തെറ്റിദ്ധരിക്കണ്ട. സംഭവം അങ്ങ് ജർമനിയിലെ ബർലിനിലാണ്. ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ച് ആശുപത്രിയിൽ കിടപ്പിലായ ജോഷ്വ എന്ന കുഞ്ഞിന് പകരമായാണ് അവതാർ റോബോട്ട് സ്കൂളിലെത്തിയത്. ജോഷ്വായ്ക്ക് പകരമായി ക്ലാസ് റൂമിലെത്തിയ അവതാർ റോബോട്ട് മുൻനിരയിൽ മറ്റ് കുട്ടികൾക്കൊപ്പം ഇരുന്നതിനൊപ്പം പുസ്തകങ്ങൾ വായിച്ചും മറ്റ് കുട്ടികൾക്കൊപ്പം സംവദിച്ചും അവരിലൊരാളായി.

അസുഖബാധിതനായി കിടപ്പിലായതിനാൽ ജോഷ്വയ്ക്ക് സ്കൂളിൽ പോകാൻ കഴിയില്ല. എന്നാൽ പഠിക്കാൻ ഏറെ മിടുക്കനായ ജോഷ്വ ഇപ്പോൾ അവതാർ റോബോട്ടിന്റെ സഹായത്തോടെയാണ് സ്കൂളിൽ അധ്യാപകരും വിദ്യാർത്ഥികളുമായി സംവദിക്കുന്നത്. പഠനകാര്യങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങൾ ഉണ്ടായാൽ റോബോട്ടിലൂടെ ജോഷ്വ സിഗ്‌നൽ അയയ്ക്കും. തുടർന്ന് അധ്യാപകർക്കും സുഹൃത്തുക്കൾക്കും ജോഷ്വയുമായി പരസ്പരം ആശയവിനിമയം നടത്താനും കഴിയും.

Read also; ‘കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തെ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ ഓർത്തു വെക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും ഈ വില്ലൻ വേഷം ധാരാളം’- സുധീഷിന് അഭിനന്ദനവുമായി ബിജു മേനോൻ

അതേസമയം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട ജോഷ്വയുടെ വ്യത്യസ്ത പഠനരീതി യുട്യൂബിലും ഇതിനോടകം തരംഗമായി. സ്വന്തം സുഹൃത്തിന് വേണ്ടി സ്കൂളിൽ പോയ റോബോർട്ട് സുഹൃത്താണ് സോഷ്യൽ ഇടങ്ങളിലും വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്. ബെർലിൻ ജില്ലയിലെ മാർസാൻ-ഹെല്ലേഴ്‌സ്‌ഡോർഫിലെ ഒരു സ്വകാര്യ സംരംഭമാണ് ഈ വ്യത്യസ്തമായ ആശയത്തിന് പിന്നിൽ. പലകാരണങ്ങളാൽ സ്കൂളിൽ പോകാൻ കഴിയാത്ത ഈ സ്കൂളിലെത്തന്നെ നാലോളം കുട്ടികൾ ഇത്തരത്തിൽ റോബോട്ടുകളുടെ സഹായത്തോടെ അധ്യാപകരും വിദ്യാർത്ഥികളുമായി സംവദിക്കാറുണ്ട്.

Story highlights: avatar robot goes to school for ill boy