കാബൂൾ വിമാനത്താവളത്തിൽ നിന്നും നഷ്‌ടമായ കുഞ്ഞ് നാലുമാസത്തിന് ശേഷം ഒടുവിൽ മാതാപിതാക്കളുടെ അടുത്തേക്ക്

January 10, 2022

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തപ്പോൾ ലോകം സാക്ഷ്യം വഹിച്ചത് നൊമ്പരപ്പെടുത്തുന്ന ഒട്ടേറെ കാഴ്ചകൾക്കാണ്. അഫ്‌ഗാനിൽ നിന്നും കാബൂൾ വിമാനത്താവളത്തിലെത്തി കൂട്ടപ്പലായാനം നടത്തുകയായിരുന്നു അവിടുത്തെ ജനത. ജീവിതം കൊതിച്ച് യാത്രതിരിച്ചവർ പലരും വിമാനത്താവളത്തിൽ തന്നെ ജീവൻ വെടിയേണ്ടി വന്നു. യു എസിലേക്ക് അവിടുത്തെ സൈനികരുടെ സഹായത്തോടെ വിമാനത്തിലേറി രക്ഷപെട്ടവരും നിരവധിയാണ്. അങ്ങനെ രക്ഷപെടുന്നതിനിടയിൽ കാബൂൾ വിമാനത്താവളത്തിൽ നിന്നും ഹൃദയംതൊടുന്ന ഒരു കാഴ്ച എല്ലാവരുടെയും ഹൃദയം കീഴടക്കിയിരുന്നു.

അഫ്ഗാനിലെ യുഎസ് എംബസിയിലെ സെക്യൂരിറ്റി ഗാർഡായിരുന്ന പിതാവ് മകനെ തിരക്കിനിടയിൽ ഒരു അമേരിക്കൻ സൈനികന് കൈമാറിയിരുന്നു. ഈ കൈമാറ്റത്തിന്റെ ഹൃദയം തൊടുന്ന കാഴ്ച ലോകത്തെ കരയിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. ആ കുഞ്ഞിനി മാതാപിതാക്കളെ കാണുമോ എന്ന ദുഖവും, രക്ഷപെടാൻ സാധിച്ചല്ലോ എന്ന ആശ്വാസവും പലരും പങ്കുവെച്ചു. കഴിഞ്ഞ ആഗസ്റ്റിൽ നടന്ന ഈ സംഭവത്തിന് ശേഷം പലരുടെയും ആശങ്ക യാഥാർഥ്യമായി. കുഞ്ഞിനെ മാതാപിതാക്കൾക്ക് ലഭിച്ചില്ല. എന്നാൽ, മാസങ്ങൾക്ക് ശേഷം കുഞ്ഞ് അച്ഛനമ്മമാരുടെ അടുത്തേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ്.

ആഗസ്റ്റ് 19 ന് കാബൂളിലെ ഒഴിപ്പിക്കൽ പ്രക്രിയക്കിടെ കാണാതാകുമ്പോൾ സൊഹൈൽ അഹമ്മദി എന്ന കുഞ്ഞിന് രണ്ട് മാസം പ്രായമേ ഉണ്ടായിരുന്നുള്ളൂ. അഞ്ചു മീറ്റർ അകാലത്തിലുള്ള വിമാനത്താവളത്തിന്റെ പ്രവേശന കവാടം കടക്കാനാകും എന്ന പ്രതീക്ഷയിലാണ് കുഞ്ഞിന്റെ കുടുംബം സൈനികന് കുഞ്ഞിനെ കൈമാറിയത്. എന്നാൽ നിർഭാഗ്യവശാൽ താലിബാൻ സൈന്യത്തിന്റെ ഇടപെടൽ കാരണം അവർക്ക് അങ്ങോട്ടേക്ക് എത്താൻ താമസം വന്നു.

Read Also: അത്ഭുതകരമായ ബോക്സിംഗ് കഴിവിലൂടെ മരം ഇടിച്ച് ഒടിച്ച് ലോകത്തിലെ ഏറ്റവും ശക്തയായ പെൺകുട്ടി- വിഡിയോ

അവർ വിമാനത്താവളത്തിൽ എത്തിയെങ്കിലും അപ്പോഴേക്കും കുഞ്ഞിനെ കാണാനില്ലാതായി. അഹമ്മദിയെയും കുടുംബത്തെയും ടെക്‌സാസിലെ സൈനിക താവളത്തിലേക്കും മാറ്റി.കുഞ്ഞ് ഒറ്റക്ക് ഇരുന്നു കരയുന്നത് കണ്ട കാബൂൾ എയർപോർട്ടിലെ ഡ്രൈവർ സൊഹൈലിനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒടുവിൽ നാലുമാസത്തെ തിരച്ചിലിനു ശേഷമാണ് കുഞ്ഞിനെ കണ്ടെത്താൻ സാധിച്ചത്. എന്നാൽ, സൊഹൈൽ തന്റെ മാതാപിതാക്കളായ മിർസ അലി അഹമ്മദിയെയും സുരയ്യയെയും ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. കാരണം, അവർ അമേരിക്കയിലാണ് നിലവിൽ ഉള്ളത്.

Story highlights- Baby lost in Kabul airport chaos reunited with family