‘ചിന്നചിന്ന ആശൈ’- ആദ്യഗാനം മുതൽ ആസ്വാദകഹൃദയങ്ങളിൽ സ്ഥാനം ഉറപ്പിച്ച കലാകാരൻ, പിറന്നാൾ നിറവിൽ എ ആർ റഹ്മാൻ
സംഗീത ഇതിഹാസം എ ആർ റഹ്മാന് ഇന്ന് പിറന്നാൾ. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും വിധം അത്രമേല്‍ ആര്‍ദ്രമായ സംഗീതവുമായി എത്തി ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച കലാകാരനാണ് എ ആർ റഹ്മാൻ. 55 ന്റെ നിറവിൽ നിൽക്കുന്ന റഹ്മാന് പിറന്നാൾ ആശംസകൾ നേർന്ന് നിരവധിപ്പേരാണ് എത്തുന്നത്.
‘റോജ’ എന്ന ചിത്രത്തിലെ ‘ചിന്നചിന്ന ആശെ’ എന്ന ഗാനത്തിലൂടെയാണ് റഹ്മാൻ സംഗീതാസ്വാദകരുടെ ഹൃദയത്തിൽ സ്ഥാനം ഉറപ്പിക്കുന്നത്. അവിടുന്നിങ്ങോട്ട് കഴിഞ്ഞ 29 വർഷങ്ങളായി അദ്ദേഹത്തിന്റെ സംഗീതത്തിലെ മാധുര്യം ആസ്വാദകർക്ക് ആവേശമാണ്…
1967 ജനുവരി ആറിനാണ് ചെന്നൈയിൽ ആർ കെ ശേഖരിന്റെയും കരീമയുടെയും മകനായി റഹ്മാൻ ജനിച്ചത്. സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് റഹ്മാൻ ജനിച്ചത്. അതിനാൽ തന്നെ ചെറുപ്പം മുതലേ സംഗീതാത്മകമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സ്കൂൾ പഠനകാലത്തുതന്നെ സംഗീതത്തോടുള്ള അഭിരുചി അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. പഠനം പാതിവഴിയിൽ ഉപേക്ഷിച്ചെങ്കിലും സംഗീത ട്രൂപ്പുകളിൽ പാടിയും കീ ബോർഡ് വായിച്ചും അദ്ദേഹത്തിലെ കലാകാരനെ ആ കൊച്ചുപയ്യൻ മോടിപിടിപ്പിച്ചുകൊണ്ടേയിരുന്നു. പിന്നീട് മാസ്റ്റർ ധനരാജിന്റെ കീഴിൽ പരിശീലനം നടത്തി. അവിടുന്ന് വിവിധ ട്രൂപ്പുകളിൽ പാടി തെളിഞ്ഞ ആ ചെറുപ്പക്കാരൻ ലണ്ടനിലെ ട്രിനിറ്റി സംഗീത കോളജിൽ നിന്നും ക്ലാസിക്കൽ സംഗീതത്തിൽ ബിരുദം നേടി.
Read also:തൃശൂർ നഗരത്തിലെ ചുക്കുകാപ്പി വിൽപ്പനക്കാരൻ, ഒരു കോടി വേദിയിൽ നിന്നും ഫ്ളവേഴ്സ് കുടുംബത്തിലേക്ക്
മണിരത്നത്തിന്റെ ചിത്രത്തിലൂടെയാണ് സിനിമ പിന്നണി ഗാനരംഗത്തേക്ക് റഹ്മാൻ ശ്രദ്ധിക്കപ്പെടുന്നത്. ‘റോജ’ എന്ന ചിത്രത്തിന് വേണ്ടി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയതോടെ റഹ്മാൻ സംഗീത ലോകത്ത് പകരക്കാരനില്ലാത്ത കലാകാരനായി മാറി. ആദ്യ ചിത്രത്തിലെ സംഗീതത്തിന് തന്നെ ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. തുടർന്ന് അങ്ങോട്ട് നിരവധി ഗാനങ്ങളും ഈണങ്ങളും അദ്ദേഹത്തിലൂടെ സംഗീതാസ്വാദകർക്ക് ലഭിച്ചു.
Story highlights : Birthday of Legend AR Rahman