‘മലയൻകുഞ്ഞ്’ ഒടിടിയിലേക്കില്ല; ഫഹദ് ഫാസിൽ ചിത്രം തിയേറ്റർ റിലീസ് തന്നെയെന്ന് സംവിധായകൻ സജിമോൻ
കൊവിഡ് കൂടുതൽ പ്രതികൂലമായില്ലെങ്കിൽ ഫഹദ് ഫാസിലിന്റെ ‘മലയൻകുഞ്ഞ്’ തിയേറ്റർ റിലീസ് തന്നെയായിരിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകൻ സജിമോൻ. ചിത്രം ഫെബ്രുവരിയിൽ തിയേറ്ററുകളിൽ എത്തിക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ശ്രമം. അങ്ങനെ സംഭവിച്ചാൽ രണ്ട് വർഷത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന ആദ്യ ഫഹദ് ചിത്രമായിരിക്കും ‘മലയൻകുഞ്ഞ്’
നിരവധി ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള സജിമോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മലയൻകുഞ്ഞ്.’ ഒരു സര്‍വൈവല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് ഫഹദ് ഫാസിലിന്റെ തന്നെ ചിത്രങ്ങളായ ‘മാലിക്കും’ ‘ടേക് ഓഫും’ സംവിധാനം ചെയ്ത മഹേഷ് നാരായണനാണ്.
Read More: പതിമൂന്നാം വയസ്സിൽ മുടി നരച്ചതിന്റെ പേരിൽ പരിഹസിക്കപെട്ടു; ഇന്ന് ആ മുടിയിലൂടെ ലോകശ്രദ്ധനേടി യുവതി
ഒരു ഇലക്ട്രോണിക് മെക്കാനിക്കായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും സങ്കല്പികമാണ്. മലയോര പ്രദേശങ്ങളിലുണ്ടാവുന്ന ഒരു മണ്ണിടിച്ചിലിൽ പെട്ട് പോവുന്നൊരു യുവാവിന്റെ കഥയാണ് ‘മലയൻകുഞ്ഞ്’ എന്ന് സംവിധായകൻ സജിമോൻ പറയുന്നു.
“മലയന്‍കുഞ്ഞ് എല്ലാവര്ക്കും റിലേറ്റ് ചെയ്യാന്‍ കഴിയുന്ന സര്‍വൈവല്‍ ത്രില്ലറാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഭൂമിക്കടിയില്‍ അകപ്പെട്ട് പോകുന്നൊരു വ്യക്തിയുടെ കഥ. അതുകൊണ്ട് തന്നെ ചിത്രീകരണത്തിന് ഒരുപാട് ബുദ്ധമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നു. ഇലക്ട്രോണിക്ക് മെക്കാനിക്കായ ഒരു നാട്ടിന്‍പുറത്തെ യുവാവിന്റെ വേഷമാണ് ഫഹദ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഞങ്ങള്‍ക്ക് പരിചയമുള്ള ആളുകളില്‍ നിന്ന് തന്നെയാണ് ഫഹദിന്റെ കഥാപാത്രമുണ്ടാവുന്നത്. ചര്‍ച്ചകളുടെ സമയത്ത് ഞാനും മഹേഷും ഫഹദും ഒരുമിച്ചിരുന്നാണ് ഈ കഥാപാത്രത്തിന്റെ സ്വഭാവങ്ങള്‍ എല്ലാം ഉണ്ടാക്കി കൊണ്ടുവന്നത്.” ഒരു ഓൺലൈൻ വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ സജിമോൻ പറഞ്ഞു.
ഫഹദിനൊപ്പം രജിഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് സാക്ഷാൽ ഏ ആർ റഹ്മാനാണ്. ഫാസിലാണ് ‘മലയൻകുഞ്ഞ്’ നിർമിച്ചിരിക്കുന്നത്.
Story Highlights: Director Sajimon on ‘Malayankunju’ theatre release