‘അഭിനയം പഠിക്കാൻ മോഹൻലാൽ സാറിന്റെ സിനിമകൾ കാണാറുണ്ട്’; ദൃശ്യം 2 പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ടെന്ന് ഗൗതം മേനോൻ

January 30, 2022

തമിഴിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഗൗതം മേനോൻ. കമൽ ഹാസൻ, സൂര്യ, അജിത് തുടങ്ങി തമിഴ് സിനിമയിലെ പല പ്രമുഖ നടന്മാരുടെയും ഏറ്റവും വലിയ ഹിറ്റുകൾ ആരാധകർക്ക് സമ്മാനിച്ച ഗൗതം മേനോൻ കഴിഞ്ഞ കുറച്ചു നാളുകളായി അഭിനയത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. മികച്ച ഒരു പിടി കഥാപാത്രങ്ങളെ തിരശീലയിലെത്തിച്ച അദ്ദേഹത്തിന്റെ അഭിനയത്തിന് പ്രേക്ഷകരുടെ കയ്യടിയും നിരൂപകപ്രശംസയും ഒരേ പോലെ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ നടൻ മോഹൻലാലിൻറെ സിനിമകൾ ഒരു അഭിനേതാവെന്ന നിലയിൽ തന്നെ എങ്ങനെ സ്വാധീനിച്ചുവെന്നതിനെ പറ്റി ഗൗതം മേനോൻ പറഞ്ഞതാണ് ശ്രദ്ധേയമാവുന്നത്.

പണ്ട് മുതലേ മോഹൻലാൽ സിനിമകൾ ഇഷ്ടമായിരുന്നെന്നും അഭിനയം തുടങ്ങിയതിന് ശേഷം പ്രത്യേകിച്ചും അദ്ദേഹത്തിന്റെ സിനിമകൾ തുടർച്ചയായി കാണുകയും അതിലെ മോഹൻലാലിൻറെ അഭിനയം പഠിക്കാൻ ശ്രമിക്കാറുണ്ടെന്നും ഗൗതം മേനോൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. ‘ദൃശ്യം 2’ പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ടെന്നും എങ്ങനെ വളരെ അനായാസമായി ക്യാമറയ്ക്ക് മുൻപിൽ അഭിനയിക്കാമെന്ന് മനസ്സിലാക്കാനാണ് മോഹൻലാലിൻറെ ചിത്രങ്ങൾ തുടർച്ചയായി കാണുന്നതെന്നും ഗൗതം മേനോൻ കൂട്ടിച്ചേർത്തു.

“ഞാന്‍ കമല്‍ സാറിന്റെ സിനിമകളുടെ വലിയ ആരാധകനാണ്. അതേ കുറിച്ച് ഞാന്‍ മുന്‍പും സംസാരിച്ചിട്ടുണ്ട്. പിന്നെ മോഹന്‍ലാല്‍ സാറാണ് എനിക്ക് പ്രിയപ്പെട്ടത്. ഞാന്‍ അഭിനയം തുടങ്ങിയതിന് ശേഷം അദ്ദേഹത്തിന്റെ സിനിമകള്‍ ഒരുപാട് കണ്ടിട്ടുണ്ട്. അദ്ദേഹം വളരെ അനായാസമായാണ് അഭിനയിക്കുന്നത്. ഞാന്‍ ദൃശ്യം 2 പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ടാവും. എങ്ങനെ വളരെ അനായാസമായി ക്യാമറക്ക് മുന്നില്‍ എത്തുമ്പോള്‍ കോണ്‍ഷ്യസ് ആകാതെ അഭിനയിക്കാമെന്ന് പഠിക്കുന്നതിനാണ് കൂടുതലായും അദ്ദേഹത്തിന്റെ സിനിമ കണ്ടിരുന്നത്. അതിന് മുമ്പും ഞാന്‍ ലാല്‍ സാറിന്റെ സിനിമകള്‍ കണ്ടിട്ടുണ്ട്’ – ഗൗതം മേനോൻ പറഞ്ഞു.

Read More: ‘നമ്മുടെ കാരണവന്മാരുടെ ആറ്റിട്യൂഡ്, അടിപൊളിയാ’- ചിരിപടർത്തി ‘ബ്രോ ഡാഡി’യിലെ രസികൻ രംഗം

നേരത്തെ അൻവർ റഷീദിന്റെ ‘ട്രാൻസ്’ലും ഗൗതം മേനോൻ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശംസ നേടിയിരുന്നു. അതേ സമയം മോഹൻലാൽ ചിത്രമായ ‘ബ്രോ ഡാഡി’ മികച്ച അഭിപ്രായം നേടി ഡിസ്നി ഹോട്ട്സ്റ്റാറിൽ പ്രദർശനം തുടരുകയാണ്.

Story Highlights: Gautham Menon on Mohanlal’s acting