അടുത്തുള്ള ലൈബ്രറി 14 കിലോമീറ്റർ അകലെ; സ്വന്തം ഗ്രാമത്തിൽ ലൈബ്രറി തുടങ്ങി പെൺകുട്ടി
ഇന്ത്യയിലെ പല ഗ്രാമങ്ങളിലും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഒരു ചോദ്യചിഹ്നമായി തുടരുമ്പോൾ പ്രതീക്ഷ നൽകുന്ന ഒരു സംഭവം ആണ് ജയ്പൂരിലെ ഒരു ഗ്രാമത്തിൽ നടന്നത്. തൊട്ടടുത്ത ലൈബ്രറി അകലെ ആയത് കൊണ്ട് പഠനം മുടങ്ങിപോയ ജയ്പൂർ ബസ്സി ഗ്രാമത്തിലെ പെൺകുട്ടികൾക്ക് സ്വന്തമായി ഒരു ലൈബ്രറി ഗ്രാമത്തിൽ തന്നെ നിർമിച്ച് നൽകിയിരിക്കുകയാണ് അതേ ഗ്രാമത്തിലെ പെൺകുട്ടിയായ കവിത സായിനി. അടുത്തുള്ള ലൈബ്രറി 14 കിലോമീറ്ററോളം അകലെ ആയത് കൊണ്ട് പെൺകുട്ടികളെ അവിടേക്ക് വിടാൻ വിസമ്മതിച്ചിരുന്ന മാതാപിതാക്കൾക്കും വലിയ ആശ്വാസം ആയിരിക്കുകയാണ് ഗ്രാമത്തിലെ ഈ ലൈബ്രറി.
പെൺകുട്ടികളുടെ സുരക്ഷയെ പേടിച്ച് അവരുടെ മാതാപിതാക്കൾ അകലെയുള്ള ലൈബ്രറിയിലേക്ക് പോവാൻ അനുവദിച്ചിരുന്നില്ല. ഇത് കാരണം അവരുടെ പഠനം നാളുകളായി മുടങ്ങി കിടക്കുക ആയിരുന്നു. ഇതാണ് സ്വന്തമായി ഗ്രാമത്തിൽ ഒരു ലൈബ്രറി തുടങ്ങാൻ തനിക്ക് പ്രചോദനം ആയതെന്നാണ് കവിത സായിനി പറയുന്നത്.
398-ഓളം പുസ്തകങ്ങൾ ഉള്ള ലൈബ്രറി രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ തുറന്നിരിക്കുന്നു. ആവശ്യക്കാർക്ക് സൗജന്യമായാണ് പുസ്തകങ്ങൾ നൽകുന്നത്.
Story Highlights: Girl from Jaipur opened a library in her village