ആരും കാണാതെ വർഷങ്ങളോളം കാടിനുള്ളിൽ ഒളിഞ്ഞിരുന്ന വെള്ളച്ചാട്ടം- മനോഹരമായ കാഴ്ച കണ്ടെത്തി ഫോറസ്റ്റ് ഓഫീസർ
പ്രകൃതിയുടെ കൗതുകങ്ങൾ അവസാനിക്കാത്തതാണ്. മനുഷ്യൻ കണ്ടെത്തിയതും കാണാത്തതുമായ ഒട്ടേറെ കാഴ്ചകൾ പ്രകൃതിയിലുണ്ട്. ഇപ്പോഴിതാ, ഇത്രയും വർഷങ്ങൾ കാടിനുള്ളിൽ ഒളിഞ്ഞിരുന്ന മനോഹരമായ ഒരു വെള്ളച്ചാട്ടം കണ്ടെത്തിയിരിക്കുകയാണ് ഒരു ഫോറസ്റ്റ് ഓഫീസർ. തെലങ്കാനയിലെ കുമുരം ഭീം ആസിഫാബാദ് ജില്ലയിലെ തിരിയാണി പ്രദേശത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
60 മീറ്ററോളം ഉയരമുള്ള വെള്ളച്ചാട്ടം, ഇപ്പോൾ ബൈസൺ വാട്ടർ എന്നാണ് അറിയപ്പെടുന്നത്. വനമേഖലയിൽ പ്രസിദ്ധമായ ഗുണ്ടാല വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നും രണ്ട് കിലോമീറ്റർ അകലെയാണ് പുതിയ വെള്ളച്ചാട്ടം കണ്ടെത്തിയിരിക്കുന്നത്. അതിസാഹസികരായവരെ വളരെയധികം ആകർഷിക്കുന്നതാണ് പുതിയ കാഴ്ച.
ഫോറസ്റ്റ് ഓഫിസറായ തോഡിഷെട്ടി പ്രണയ് ആണ് വെള്ളച്ചാട്ടം കണ്ടെത്തിയത്. എന്നാൽ, കാടിനുള്ളിലും പ്രദേശത്തുമൊക്കെ താമസിക്കുന്നവരോട് ഈ വെള്ളച്ചാട്ടത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ അവർക്കൊന്നും ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു. അതേസമയം, വെള്ളച്ചാട്ടത്തിന് നടുവിലായി കാട്ടുപോത്തിന്റെ തലയുടെ ആകൃതിയിൽ ഒരു പാറയുണ്ടായിരുന്നതിനാലാണ് ഇതിനു ഇങ്ങനെയൊരു പേര് നൽകിയിരിക്കുന്നത്. എന്തായാലും അഡ്വെഞ്ചർ ടൂറിസത്തിന് വളരെയധികം പ്രതീക്ഷ നൽകുന്ന വെള്ളച്ചാട്ടമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
Story highlights- hidden waterfall discovers in telangana