ചെന്നൈ നഗരത്തിന്റെ മനോഹാരിതയിൽ ‘ഹൃദയ’ത്തിലെ ഗാനം

January 4, 2022

പാട്ട് പ്രേമികളുടെ ഹൃദയം കവർന്നുകൊണ്ടാണ് വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്ന ഹൃദയം എന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം പുറത്തുവന്നത്. പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിലെ നാലാമത്തെ ഗാനമാണ് ഇപ്പോൾ ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. ചെന്നൈ നഗരത്തിന്റെ മനോഹാരിതയിൽ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മേനോൻ ആണ്. ഗുണ ബാലസുബ്രഹ്മണ്യന്റെ വരികൾക്ക് ഹേഷം അബ്ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്.

ഒരു റൊമാന്റിക് ചിത്രമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം ഗാനത്തിനും പ്രാധാന്യം നൽകികൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഹൃദയത്തിൽ 15 പാട്ടുകൾ ഉണ്ടായിരിക്കും എന്നാണ് അണിയറപ്രവത്തകർ സൂചിപ്പിക്കുന്നത്. ചിത്രത്തിലേതായി നേരത്തെ പുറത്തുവന്ന ദർശന എന്ന ഗാനം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. അതേസമയം പ്രണവിനും കല്യാണിക്കും ഒപ്പം ദർശന രാജേന്ദ്രനും മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. അതേസമയം പ്രണവിന്റെ മൂന്നാമത്തെ ചിത്രമാണ് വെള്ളിത്തിരയിൽ ഒരുങ്ങുന്ന ഹൃദയം.

Read also: ‘കൊണ്ടോരാം കൊണ്ടോരാം…’ പാട്ട് വേദിയുടെ ഹൃദയം കവർന്ന് എം ജെയും മേഘ്‌നക്കുട്ടിയും, വിഡിയോ

മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. തിയേറ്ററുകളിൽ തന്നെയാണ് ഹൃദയം പ്രദർശനത്തിന് എത്തുന്നത്. 2022 ജനുവരിയിലാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

Story highlights: Hridayam Movie latest song