‘സണ്ണി’ക്ക് അംഗീകാരം: ധാക്ക അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനായി ജയസൂര്യ
രഞ്ജിത്ത് ശങ്കർ സംവിധാനം നിർവഹിച്ച് കൊവിഡ് കാലത്ത് ഒടിടിയിൽ പ്രദർശനത്തിനെത്തിയ മലയാള ചിത്രമാണ് ‘സണ്ണി’. ജയസൂര്യ അവതരിപ്പിച്ച കേന്ദ്രകഥാപാത്രം മാത്രം സ്ക്രീനിൽ വരുന്നു എന്ന പ്രത്യേകതകളോടെ റിലീസ് ചെയ്ത ചിത്രത്തിലെ അഭിനയത്തിന് വലിയ പ്രശംസയാണ് ജയസൂര്യക്ക് ലഭിച്ചിരുന്നത്. ഒറ്റ കഥാപാത്രത്തെ മാത്രം സ്ക്രീനിൽ കാണുന്ന ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ സംഭാഷണങ്ങളിലൂടെ മാത്രമാണ് സാന്നിധ്യമറിയിക്കുന്നത്. തന്റെ നൂറാം ചിത്രം കൂടിയായ ‘സണ്ണി’യിൽ മികവാർന്ന പ്രകടനം കാഴ്ചവെച്ച ജയസൂര്യ ഇപ്പോൾ അന്താരാഷ്ട്രവേദിയിലും അംഗീരിക്കപ്പെട്ടിരിക്കുന്നു.
ധാക്ക അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഏഷ്യൻ വിഭാഗത്തിലാണ് ജയസൂര്യ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ ജയസൂര്യ ഏറ്റവും മനോഹരമായിട്ടാണ് അവതരിപ്പിച്ചതെന്നായിരുന്നു ജൂറിയുടെ വിലയിരുത്തൽ. സംവിധായകനായ രഞ്ജിത്ത് ശങ്കർ തന്റെ സമൂഹമാധ്യമങ്ങളിൽ വാർത്ത പങ്ക് വച്ചിട്ടുണ്ട്.
സണ്ണിക്ക് പുറമെ മാർട്ടിൻ പ്രക്കാട്ടിന്റെ ‘നായാട്ട്’, ഡോക്ടർ ബിജുവിന്റെ ‘ദി പോർട്രൈറ്സ് ‘, ഷരീഫ് ഈസയുടെ ‘ആണ്ടാൾ’, സിദ്ധാർഥ് ശിവയുടെ ‘എന്നിവർ’ എന്നീ ചിത്രങ്ങളും ഫിക്ഷൻ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ‘മണ്ണ്’ മാത്രമാണ് മലയാളത്തിൽ നിന്നും നോൺ ഫിക്ഷൻ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ചിത്രം.
Read More: 11 ലക്ഷത്തിന് ലേലത്തിൽ വിറ്റുപോയ ആ പഴഞ്ചൻ ഓട്ടോഗ്രാഫിന് പിന്നിൽ…
70 രാജ്യങ്ങളില് നിന്ന് 220ഓളം സിനിമകളാണ് മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. തമിഴ് ചിത്രമായ ‘കൂഴങ്കൽ’ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ സെപ്തംബർ 23 നാണ് ‘സണ്ണി’ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. രഞ്ജിത്ത് ശങ്കർ രചനയും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് മധു നീലകണ്ഠനാണ്. ശങ്കർ ശർമ്മ സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രം ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
Story Highlights: Jayasurya won the best actor award at Dhaka Film Festival