ചാർലിയ്ക്ക് ശേഷം വീണ്ടും കള്ളൻ വേഷത്തിൽ സൗബിൻ സാഹിർ; ശ്രദ്ധനേടി ‘കള്ളൻ ഡിസൂസ’യിലെ വിഡിയോ ഗാനം

January 19, 2022

നിരവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച താരമാണ് സൗബിൻ സാഹിർ. ദുൽഖർ സൽമാൻ നായകനായ ചാർലിയിൽ കള്ളൻ വേഷത്തിലെത്തിയ സൗബിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താരം കള്ളൻ വേഷത്തിലെത്തുന്ന മറ്റൊരു ചിത്രമാണ് കള്ളൻ ഡിസൂസ. ജിത്തു കെ ജയൻ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടെ ഏറെ ശ്രദ്ധനേടുകയാണ് ചിത്രത്തിലേതായി പുറത്തുവന്ന ഒരു ഗാനം. ‘കിത്താബാ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. ലിജോ ടോമും ജെയിംസ് തകരയും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജെയിംസ് തകരയാണ്.

ചിത്രത്തിലേതായി നേരത്തെ പുറത്തുവന്ന ‘തനിച്ചാകുമീ’ എന്ന് തുടങ്ങുന്ന ഗാനവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷഹബാസ് അമൻ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്, സംഗീതം പ്രശാന്ത് കർമ്മയാണ്.

ചിത്രത്തിൽ സൗബിനൊപ്പം ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, സുരഭി ലക്ഷ്മി എന്നിവരും അഭിനയിക്കുന്നുണ്ട്. റൂബി ഫിലിംസിന്റെ ബാനറിൽ സാന്ദ്ര തോമസ് ആണ് ചിത്രം നിർമിക്കുന്നത്.

Read also: നദിയിൽ പ്രത്യക്ഷപ്പെട്ടത് വിപരീത ദിശയിൽ കറങ്ങുന്ന മഞ്ഞുചക്രം; വിചിത്ര പ്രതിഭാസത്തിന് പിന്നിൽ…

നടനായും സംവിധായകനായുമൊക്കെ മലയാള സിനിമയിലെ തിരക്കുള്ള നടനായി മാറിയ താരമാണ് സൗബിൻ. സിനിമയുടെ എല്ലാ മേഖലകളിലും കൈവച്ച് കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ് സൗബിൻ. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി എത്തിയ സൗബിനിപ്പോൾ വെള്ളിത്തിരയിൽ നിന്നും സ്ഥാനക്കയറ്റം കിട്ടിയത് മലയാളികളുടെ ഹൃദയത്തിലേക്കാണ്. ‘സുഡാനി ഫ്രം നൈജീരിയ’യാണ് നായകനായി സൗബിൻ വേഷമിട്ട ആദ്യ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം താരത്തെത്തേടിയെത്തിയത്.

സൗബിൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രവും സിനിമ ലോകത്തിന് പുതിയൊരു സംവിധായകനെ കൂടി സമ്മാനിച്ചു. ഇതിനോടകം വെള്ളിത്തിരയിൽ തിരക്കുള്ള താരമായിമാറിയ സൗബിൻ നായകനാകുന്ന ജൂതൻ, വെള്ളരിക്ക പട്ടണം, മ്യാവൂ തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Story highlights: Kithabaa Official Video Song – Kallan D’Souza