‘പട’വെട്ടാൻ സൂപ്പർതാരങ്ങൾ; കുഞ്ചാക്കോ ബോബൻ- വിനായകൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം പ്രേക്ഷകരിലേക്ക്
മലയാളികളുടെ പ്രിയതാരങ്ങൾ വെള്ളിത്തിരയിൽ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പട. കമൽ കെ എം സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവരാണ് ഒന്നിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഫെബ്രുവരിയിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. മുകേഷ് ആർ മെഹ്ത, എവി അനൂപ്, സിവി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
1996-ല്‍ പാലക്കാട് കളക്റ്ററേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. പ്രകാശ് രാജ്, അര്‍ജുന്‍ രാധാകൃഷ്‍ണന്‍, ഇന്ദ്രന്‍സ്, സലിം കുമാര്‍, ജഗദീഷ്, ടി ജി രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, വി കെ ശ്രീരാമന്‍, ഷൈന്‍ ടോം ചാക്കോ, ഗോപാലന്‍ അടാട്ട്, സുധീര്‍ കരമന, ദാസന്‍ കൊങ്ങാട്, കനി കുസൃതി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
അതേസമയം കുഞ്ചാക്കോ ബോബന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം ഭീമന്റെ വഴിയാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജോജു- കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം നായാട്ടാണ്. ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ഇരുവരും എത്തിയത്. പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രത്തിന് ശേഷം പടയാണ് ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്നത്.
Story highlights: kunchacko boban vinayakan pada release