‘ആയിഷ’യായി മഞ്ജു വാര്യർ; ആദ്യ മലയാള-അറബിക് ചിത്രത്തിന് തുടക്കം

January 26, 2022

മലയാളികളുടെ സ്നേഹ ലാളനകൾ ഏറ്റുവാങ്ങിയതാണ് ചലച്ചിത്രതാരം മഞ്ജു വാര്യർ. മികച്ച ഒരുപിടി കഥാപാത്രങ്ങളെ ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ച താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. ആയിഷ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം റാസല്‍ ഖൈമയില്‍ തുടങ്ങി.

ആദ്യ കൊമേർഷ്യൽ മലയാളം- അറബിക് ചിത്രമായാണ് ആയിഷ പ്രേക്ഷകരിലേക്കെത്തുന്നത്. നവാഗതനായ ആമിർ പള്ളിക്കൽ ആണ് ചിത്രം സംവിധാനം നിർവഹിക്കുന്നത്. ഇന്തോ- അറബിക് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഗൾഫിലാണ് ചിത്രീകരിക്കുന്നത്. പൂർണമായും ഒരു കുടുംബചിത്രമായാണ് ആയിഷ ഒരുങ്ങുന്നത്. സംവിധായകൻ സക്കറിയായാണ് ചിത്രം നിർമിക്കുന്നത്. മലയാളം, അറബിക്, ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ മറ്റ് ചില ഭാഷകളിൽ കൂടി ചിത്രം പുറത്തിറങ്ങും.

Read also:കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് വർധിപ്പിച്ച വാഹനവും ഡ്രൈവറും; സോഷ്യൽ ഇടങ്ങളിൽ പ്രചരിച്ച വിഡിയോയ്ക്ക് പിന്നിൽ ഇങ്ങനെയും ചിലതുണ്ട്…

മധു വാര്യർ സംവിധാനം നിർവഹിക്കുന്ന ലളിതം സുന്ദരം, ജയസൂര്യക്കൊപ്പം മഞ്ജു വാര്യർ ആദ്യമായി ഒന്നിക്കുന്ന മേരി ആവാസ് സുനോ, സൗബിൻ സാഹിറും മഞ്ജു വാര്യർ ഒന്നിക്കുന്ന വെള്ളരിക്ക പട്ടണം തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജു വാര്യരുടേതായി അണിയറയിൽ ഒരുങ്ങുന്നത്. സനൽ കുമാർ ശശിധരൻ സംവിധാനം നിർവഹിച്ച കയറ്റവും പ്രേക്ഷകർ കാത്തിരിക്കുന്ന മഞ്ജു ചിത്രമാണ്. നിരവധി ചലച്ചിത്രമേളകളിൽ അടക്കം ശ്രദ്ധ നേടിയ ചിത്രമാണ് കയറ്റം.

Story highlights: manju warrier as ayisha